SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

കൊച്ചിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിന് ഇടുക്കിയിൽ ക്രൂരമർദ്ദനം

beating

കൊച്ചി: എറണാകുളത്ത് ഏവിയേഷൻ വിദ്യാർത്ഥിയായ തലശേരി സ്വദേശിയെ കാറിൽ തട്ടിക്കൊണ്ട് പോയി ഇടുക്കിയിലെ ഏലത്തോട്ടത്തിൽ ബന്ദിയാക്കി. കാറിലും തോട്ടത്തിലും ക്രൂരമർദ്ദനത്തിന് ഇരയായ യുവാവിനെ പിന്നീട് പെരുമ്പാവൂരിൽ ഉപേക്ഷിച്ചു. അക്രമി സംഘം യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മർദ്ദന ദൃശ്യങ്ങളാണ് സംഭവം പുറത്താകാൻ കാരണം. കണ്ടാലറിയാവുന്ന മൂന്ന് പേരുൾപ്പെടെ 10 പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. കാറിടപാടുമായി ബന്ധപ്പെട്ട തർക്കമെന്നാണ് മൊഴിയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

തലശേരി ജഗന്നാഥ ടെമ്പിൾ ഗേറ്റ് ഫാത്തിമാപുരം കോളനിയിൽ അലൻ ടെൻസണിനെയാണ് (21) കഴിഞ്ഞ 12ന് രാത്രി 10ന് എറണാകുളം സൗത്ത് കാരിക്കാമുറി റോഡിൽ നിന്ന് ഇടുക്കി സ്വദേശി അദ്വൈതിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയത്. സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ അലനെ കാർ മോഷ്ടാവാണെന്ന് ആക്രോശിച്ച് ബലപ്രയോഗത്തിലൂടെയാണ് നാലു പേർ കാറിൽ കയറ്റിയത്. രാജാക്കാട്ടെ ഏലത്തോട്ടത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കി സിഗററ്റിന് പൊള്ളിക്കുകയും ചെയ്തു.

പത്തു പേർ ഇടുക്കിയിൽ പീഡന സംഘത്തിലുണ്ടായിരുന്നു. ഒന്നര ലക്ഷം രൂപ അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടു. പ്രതികളുടെ നിർദ്ദേശപ്രകാരം സഹോദരനോട് പണം ആവശ്യപ്പെട്ട് അലൻ സന്ദേശം അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അലന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്നെ മ‌‌ർദ്ദന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു.

പണം കിട്ടില്ലെന്ന് ബോദ്ധ്യമായതോടെ 13ന് രാത്രി 11.45ന് പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. നാട്ടിലേക്ക് മടങ്ങിയ അലനോട് മർദ്ദനദൃശ്യം ശ്രദ്ധയിൽപ്പെട്ട സഹോദരി തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇന്നലെ പുലർച്ചെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയതും കേസെടുത്തതും.

കാറിടപാടിലെ തർക്കമെന്ന് മൊഴി

എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ട് പോയ അദ്വൈത്, അശ്വിൻ, ഷാൻ, കെവിൻ എന്നിവരെ മുൻപരിചയമുണ്ടെന്നാണ് അലന്റെ മൊഴി. എവിയേഷൻ കോഴ്സിൽ സഹപാഠിയായിരുന്ന തൃശൂർ സ്വദേശി സൂര്യ രണ്ട് കൊല്ലം മുമ്പ് അദ്വൈതിൽ നിന്ന് 2 ലക്ഷം രൂപയ്‌ക്ക് സ്കോർപ്പിയോ കാർ വാങ്ങിയിരുന്നു. കാർ ഉപയോഗിച്ചിരുന്നത് അലനാണ്. ആഗസ്റ്റ് ആദ്യം സൂര്യ നിർദ്ദേശിച്ചതു പ്രകാരം ആലുവയിലെ ബാറിന് മുന്നിൽ കാത്തുനിന്ന സുഹൃത്തിന് അലൻ കാർ കൈമാറി. ഏതാനും ദിവസം കഴിഞ്ഞ് കാർ തിരികെ ആവശ്യപ്പെട്ട് അലനെ അദ്വൈത് വിളിച്ചു.

പണം നൽകി കാർ വാങ്ങിയെന്ന് സൂര്യ പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും അദ്വൈത് വഴങ്ങിയില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് ഇടയാക്കിയതെന്ന മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. പ്രതികളെ പിടികൂടാൻ പൊലീസ് ഇടുക്കിയിലെത്തിയിട്ടുണ്ട്. ഇടുക്കിയിൽ അദ്വൈതിനൊപ്പം ഉണ്ടായിരുന്ന അശ്വിൻ, ഷാൻ, കെവിൻ, അമർനാഥ്, മിഥുൻ, യാദവ് എന്നീ പ്രതികളെ അലൻ തിരിച്ചറിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIME, KOCHI, IDUKKI, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY