ലക്‌നൗ: ഹണിമൂണിനിടെ ആർത്തവമുണ്ടായതിന്റെ പേരിൽ ഭർത്താവ് മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നുള്ള യുവതിയുടെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മൂന്ന് വർഷം മുൻപാണ് പരാതിക്കാസ്‌പദമായ സംഭവമുണ്ടായത്.
ഡൽഹി സ്വദേശിയായ നിഖിൽ മിശ്രയാണ് യുവതിയുടെ ഭർത്താവ്. 2023 മേയിൽ വിവാഹിതരായ ദമ്പതികൾ ആൻഡമാൻ നിക്കോബാർ ദ്വീപിലേക്കായിരുന്നു ഹണിമൂൺ യാത്ര നടത്തിയത്. ഇതിനിടെ യുവതിക്ക് ആർത്തവമുണ്ടായതിൽ പ്രകോപിതനായ നിഖിൽ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. നിലവിളി കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് ജീവൻ രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു. നിഖിലിന്റെ മാതാവും സഹോദരിയും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വിവാഹസമയത്ത് പിതാവ് 20 ലക്ഷം രൂപയും ഒരു കാറും ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കളും സമ്മാനമായി നൽകിയതായും പരാതിക്കാരി അവകാശപ്പെട്ടു. സ്ത്രീധനമായി നൽകിയ വസ്തുക്കളുടെ പേരിൽ ഭർതൃവീട്ടുകാർ തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.
ജൂലായ് നാലിനാണ് ദമ്പതികൾ ആൻഡമാൻ ദ്വീപിലെത്തിയത്. ആർത്തവമുണ്ടായതിനെത്തുടർന്ന് കഠിനമായ വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. ആർത്തവത്തെക്കുറിച്ച് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിഖിൽ പ്രകോപിതനായത്. തന്റെ മൂഡ് കളഞ്ഞുവെന്ന് പറഞ്ഞായിരുന്നു മർദ്ദിച്ചതെന്നും യുവതി വെളിപ്പെടുത്തി. മടങ്ങിയെത്തിയതിനുശേഷം നിഖിലിന്റെ മാതാവിനോടും സഹോദരിയോടും ഇക്കാര്യം പറഞ്ഞപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.
തുടർന്ന് പിതാവിനെ വിളിച്ച് തന്നെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. തന്നെ വേണ്ടെന്ന് നിഖിൽ പിതാവിനോട് പറഞ്ഞതായും യുവതി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുശേഷം ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിപ്പെടുന്നു. പ്രശ്നം പരിഹരിക്കാനെത്തിയ പിതാവിനെയും ഭർതൃവീട്ടുകാർ അപമാനിച്ചു. സ്ത്രീധനമായി നൽകിയ വസ്തുക്കൾ തിരികെ നൽകിയില്ലെന്നും ഭർത്താവ് നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഗോരഖ്‌പൂർ സീനിയർ പോലീസ് സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്ന് ഓഗസ്റ്റ് 15ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.
A woman from Gorakhpur alleged her husband, Nikhil Mishra, assaulted her and attempted to strangle her during their Andaman honeymoon in July 2023 because she had her menstrual period. She also complained of dowry harassment and mental torture by her in-laws, leading to her expulsion from the marital home. Police registered an FIR on August 15 following her complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |