
ന്യൂഡൽഹി: ബാർ കൗൺസിൽ ഒഫ് ഇന്ത്യ (ബി.സി.ഐ) അദ്ധ്യക്ഷൻ മനൻ കുമാർ മിശ്രയുടെ രാജിയാവശ്യപ്പെട്ട് കൂടുതൽ ഭാരവാഹികൾ രംഗത്തെത്തി. കഴിഞ്ഞദിവസത്തെ ജനറൽ കൗൺസിൽ യോഗത്തിനിടെ, ഉപാദ്ധ്യക്ഷൻ സദാശിവ റെഡ്ഡിക്ക് പിന്നാലെ മലയാളിയായ കൗൺസിൽ അംഗം അഡ്വ.എൻ.മനോജ് കുമാറും രാജിയാവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നുള്ള അംഗം അഡ്വ.ശ്രീനാഥ് ത്രിപാഠി പിന്തുണച്ചു. മനൻ കുമാർ മിശ്ര 14 വർഷമായി അദ്ധ്യക്ഷനാണ്. ഇത് ചോദ്യം ചെയ്ത് മനോജ് കുമാർ അദ്ധ്യക്ഷന് കത്തും നൽകി. പ്രതിഷേധിക്കുന്ന നിയമവിദ്യാർത്ഥികളെ ബി.സി.ഐ അദ്ധ്യക്ഷൻ രാജ്യവിരുദ്ധരെന്ന് വിളിച്ചതിനെയും കത്തിൽ അപലപിച്ചു. ഹൈദരാബാദിലെ നാൽസാർ സർവകലാശാലയിൽ നിന്ന് ഇക്കൊല്ലം നിയമപഠനം പൂർത്തിയാക്കിയവർക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാൻ താത്കാലിക വിലക്കേർപ്പെടുത്തിയ ബി.സി.ഐ നടപടി വിവാദമായിരുന്നു. ബിരുദ ദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കാനുള്ള സർവകലാശാല തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയതായിരുന്നു കാരണം. നിർദ്ദേശം പിൻവലിച്ചെങ്കിലും ഒരു വിഭാഗം അഭിഭാഷകർ അദ്ധ്യക്ഷന്റെ രാജിയാവശ്യപ്പെട്ട് സമരമുഖത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |