SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

ചേന്തി അനിൽ റിമാൻഡിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി

1

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞതിന് അറസ്റ്റിലായ ഡി.സി.സി അംഗം ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, യാത്ര തടയൽ എന്നീ വകുപ്പുകൾ ചുമത്തി ശ്രീകാര്യം പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വഞ്ചിയൂർ കോടതിയുടെ നടപടി.

എന്നാൽ, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ഉണ്ടായതെന്നുമാണ് അനിലിന്റെ വാദം.

സംഭവത്തെ തുടർന്ന് ചേന്തി അനിലിനെ കെ.പി.സി.സി നിർദ്ദേശ പ്രകാരം പ്രാഥമികാംഗത്വത്തിൽ നിന്ന് തിരുവനന്തപുരം ഡി.സി.സി പുറത്താക്കി. ഗ്രൂപ്പിസത്തിന്റെ ഭാഗമാണ് നടപടിയെന്ന് അനിൽ ആരോപിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടുറോഡിൽ തടഞ്ഞുനിറുത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് ശരിയല്ലെന്ന് മന്ത്രി കെ.മുരളിധരനും പ്രതികരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ഉള്ളൂരിന് സമീപം ചേന്തിയിൽ വച്ചാണ് സംഭവം. മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരകുറുപ്പ് അടക്കമുള്ളവരെക്കണ്ട മുഖ്യമന്ത്രി വാഹനം നിറുത്തി ഇറങ്ങിയപ്പോൾ ചേന്തി അനിലിന്റെ നേതൃത്വത്തിൽ മാർഗ്ഗ തടസം ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 'ഏറ്റിരുന്ന പരിപാടിക്ക് വരാത്തതെന്തെന്ന് ' അനിൽ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ 'നീ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് ' മുഖ്യമന്ത്രി പ്രതികരിച്ചു. 'ചൂടായാൽ എന്തുചെയ്യുമെന്ന് ' അനിൽ തിരിച്ചു ചോദിച്ചെന്നും എഫ്.ഐ.ആറിലുണ്ട്.

മുഖ്യമന്ത്രിയോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ഔദ്യോഗിക ചുമതല തടസപ്പെടുത്തിയതിന് വെള്ളിയാഴ്ച രാത്രിയോടെയാണ് ശ്രീകാര്യം പൊലീസ് ചേന്തി അനിലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

മാസങ്ങൾക്ക് മുൻപേ മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചിരുന്നതാണെന്നും പൊലീസ് എത്തി ക്രമീകരണങ്ങൾ വിലയിരുത്തിയെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ വൈകിട്ടോടെ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. തുടർന്നാണ്, അതുവഴി ചെമ്പഴന്തിയിലേക്കു പോവുകയായിരുന്ന മുഖ്യമന്ത്രിയോട് ഗുരുമന്ദിരത്തിൽ പുഷ്പാർച്ചന നടത്താൻ അഭ്യർത്ഥിച്ചതെന്നും ഇവർ പറയുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് സ്പെഷ്യൽ ബ്രാഞ്ച് നിർദ്ദേശം നൽകിയിരുന്നെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA