SignIn
Kerala Kaumudi Online
Saturday, 29 August 2026 9.43 PM IST

'അന്നത്തെ ബഹളം കഴിഞ്ഞു'; പഴയ പിണക്കം മറന്ന് ഒരേവേദിയിൽ മുഹമ്മദ് ഷിയാസും ജോജുവും

shiyas-joju-george
മുഹമ്മദ് ഷിയാസ് എംഎൽഎ,​ നടൻ ജോജു ജോർജ്

കൊച്ചി: റോഡ് ഉപരോധത്തിനിടെ നേർക്കുനേർ പോരടിച്ച മുഹമ്മദ് ഷിയാസ് എംഎൽയും നടൻ ജോജു ജോർജും വർഷങ്ങൾക്കുശേഷം ഒരേവേദിയിൽ. ഷിയാസ് സംഘടിപ്പിച്ച എംഎൽഎ മെറിറ്റ് അവാർഡ് ചടങ്ങിലാണ് അതിഥിയായി ജോജു എത്തിയത്. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എക്സലൻസ് അവാർഡ് ദാന ചടങ്ങിലാണ് ജോജു അതിഥിയായി പങ്കെടുത്തത്.

2021 നവംബറിൽ ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. വൈറ്റില ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് കാറിൽനിന്ന് ഇറങ്ങിയ ജോജു ജോർജ് പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് സമരത്തിന് നേതൃത്വം നൽകിയ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ജോജുവും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. സംഘർഷത്തിനിടെ ജോജുവിന്റെ റേഞ്ച് റോവർ കാറിന്റെ ചില്ലും തകർന്നിരുന്നു. സംഭവം പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ഇരുപക്ഷവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

എന്നാൽ വർഷങ്ങൾക്കിപ്പുറം അന്നത്തെ പിണക്കം പഴങ്കഥയായി. അന്നത്തെ ഡിസിസി പ്രസിഡന്റ് ഇന്ന് കൊച്ചി എംഎൽഎയാണ്. പഴയ സംഭവങ്ങൾ മറന്ന് ഷിയാസ് മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ജോജുവിനെ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ചാണ് ജോജു ചടങ്ങിനെത്തിയത്. ഇരുവരും ഒരേവേദി പങ്കിടുന്നതും ഇതാദ്യമായാണ്.

'കഴിഞ്ഞ ദിവസമാണ് ജോജു എന്നോട് പരിപാടിക്ക് വരാമെന്ന് പറഞ്ഞത്. ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു. ഇടയ്‌ക്കൊരു സമരത്തിനിടെ ബഹളമൊക്കെയുണ്ടായി. അതെല്ലാം കഴിഞ്ഞു. ഒരു പൗരനെന്ന നിലയിൽ അദ്ദേഹത്തിന്റേതായ അഭിപ്രായം പങ്കുവച്ച ഒരാളാണ് ജോജു. അത് ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്,' -പരിപാടിയിൽ സംസാരിക്കവെ മുഹമ്മദ് ഷിയാസ് പറഞ്ഞു.

ദുബായിലേക്കുള്ള യാത്രയ്ക്കിടെ നേരത്തെ തന്നെ ഇരുവരും പരസ്പരം കണ്ടുമുട്ടിയിരുന്നുവെന്നും അന്നുതന്നെ പഴയ പിണക്കങ്ങളെല്ലാം മറന്നിരുന്നുവെന്നും ഷിയാസ് പറഞ്ഞു. ഇപ്പോൾ പൊതുവേദിയിൽ സൗഹൃദം പങ്കിട്ടതോടെ വൈറ്റിലയിലെ പഴയ പോരിനും പൂർണ വിരാമമായി. പഴയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജോജു ഓണാശംസകൾ നേർന്നാണ് പ്രതികരിച്ചത്.

English Summary

MLA Muhammad Shiyas and actor Joju George appeared together on a public stage for the first time since their infamous 2021 road blockade confrontation. Joju George attended Shiyas's MLA Merit Award ceremony, honoring top-performing students, as a special guest. Both acknowledged resolving their past differences, marking a reconciliation between the politician and actor after a widely publicized dispute.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHAMMED SHIYAS, JOJU GOERGE, KOCHI, MLA, EVENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA