കണ്ണൂർ: വിഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള തിടുക്കത്തിലാണ് യുഡിഎഫ് സർക്കാരെന്നും, ആർഎസ്എസിനെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നും പിണറായി വിജയൻ ആരോപിച്ചു. പയ്യന്നൂരിലെ മാത്തിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടെ പയ്യന്നൂരിന്റെ ചരിത്രം പരാമർശിച്ച പിണറായി വിജയൻ, മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണനെതിരെയും വിമർശനം ഉന്നയിച്ചു. പാർട്ടിയെ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ എതിരാളികളുടെ കൈയിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറിയെന്നും പിണറായി വിജയൻ പറഞ്ഞു.
'ഭരണമാറ്റം ഉണ്ടായാലും കേരളത്തിന്റെ പൊതുസ്വഭാവത്തിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയിരുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന വന്ദേ മാതരം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉൾപ്പെടുത്തിയെന്നും സ്വാതന്ത്ര്യദിന പരിപാടികളിൽ വന്ദേ മാതരം ആലപിക്കണമെന്ന് നിർദേശം നൽകിയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ ഇക്കാര്യത്തിലുള്ള നിലപാട് പാർട്ടി ആസ്ഥാനത്തും വ്യക്തമായിരുന്നുവെന്നും പിണറായി പറഞ്ഞു.
വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്നത് ആർഎസ്എസിന്റെ അജണ്ടയാണ്. ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ സർക്കാർ മാറിയതോടെ ഈ നിലപാടിൽ മാറ്റം വന്നു. രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനോട് എതിർപ്പുണ്ടായതിനാലാണ് ആ സ്ഥാനങ്ങൾ ഒഴിച്ചിട്ടത്. എന്നാൽ, യുഡിഎഫ് സർക്കാർ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് കോടതിയെ അറിയിച്ചു. ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
കേരളത്തിന്റെ തനിമ ഇല്ലാതാക്കി ആർഎസ്എസിന് കീഴടങ്ങുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ പദ്ധതി നടപ്പാക്കാൻ തിടുക്കം കാണിക്കുന്നത്. ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലും ഗവർണർ തോന്നിയപോലെ ഇടപെടുകയാണ്. ഇതിനെതിരെ സർക്കാർ ശക്തമായി പ്രതികരിക്കുന്നില്ല. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ എല്ലാ വിഷയങ്ങളിലും പ്രതിപക്ഷം എതിർപ്പ് ഉന്നയിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇടതുപക്ഷ വിരോധം മുൻനിർത്തിയാണ് വലതുപക്ഷ മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാരിനെ എങ്ങനെ എതിർക്കാമെന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. എൽഡിഎഫിനെതിരെ പ്രതിപക്ഷവും വലതുപക്ഷ മാദ്ധ്യമങ്ങളും ചേർന്ന് സംഘടിതമായ നീക്കം നടത്തി'. പിണറായി വിജയൻ വിമർശിച്ചു.
Opposition Leader Pinarayi Vijayan strongly criticized the UDF government at a CPM meeting in Payyannur. He accused the government of appeasing the RSS by rushing the PM Shri scheme, including Vande Mataram in official ceremonies, and allowing non-Muslim members on the Waqf Board. Vijayan alleged this betrays Kerala's distinct identity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |