
കണ്ണൂർ: ആഭ്യന്തരമന്ത്രിക്കും പൊലീസിനുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വെല്ലുവിളിയും ഭീഷണിയുമുയർത്തിയ പോസ്റ്റുകൾക്കായി ഉപയോഗിച്ചെന്ന് കരുതുന്ന അർജുൻ ആയങ്കിയുടെ ഐഫോൺ ഷൂറാക്കിൽ നിന്ന് കണ്ടെത്തി. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് സമീപത്തെ ഷൂ റാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. സ്വിച്ച് ഓഫ് ചെയ്ത ഫോൺ ഇന്നലെ പുലർച്ചെ ആറോടെ രഹസ്യമായി നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തി. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്യുമ്പോൾ ആയങ്കിയുടെ കൈയിൽ നിന്ന് സിം കാർഡില്ലാത്ത വിവോ ഫോൺ പിടികൂടിയിരുന്നു. എന്നാൽ ഈ ഫോണിൽ നിന്നല്ല വിവാദ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ എസ്.എച്ച്.ഒ എ.അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്പ് പിടിച്ചെടുത്തിരുന്നു. ആയങ്കിയുടെ അമ്മയുടെ സഹോദരൻ അജയ് ആയങ്കിയുടെ മൊഴിയും രേഖപ്പെടുത്തി. മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിട്ട ആയങ്കിയെ ഇന്നും തെളിവെടുപ്പിന് ഹാജരാക്കും.
ആരുടെയും സഹായമില്ലെന്ന് ആയങ്കി
ഫേസ്ബുക്കിലൂടെ വെല്ലുവിളിയും ഭീഷണിയും ഉൾപ്പെടുന്ന കുറിപ്പുകളിട്ടതിന് താൻ ആരുടെയും സഹായം തേടിയിട്ടില്ലെന്ന് അർജുൻ ആയങ്കി മൊഴി നൽകി. സ്വന്തം ഐ ഫോൺ ഉപയോഗിച്ചാണ് അക്കൗണ്ട് കൈകാര്യം ചെയ്തത്. യാത്രാമദ്ധ്യേയും ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലും സുഹൃത്തുക്കളുടെ മൊബൈൽ ഫോൺ വൈഫൈയും പൊതുയിടങ്ങളിലെ വൈഫൈയും ഉപയോഗിച്ചാണ് പോസ്റ്റുകളിട്ടതെന്നും മൊഴിയിൽ പറയുന്നു. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി വേഗത്തിലാക്കി. കേസ് ചരിത്രം വ്യക്തമാക്കുന്ന റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോർട്ട് കണ്ണൂർ കളക്ടർക്ക് കൈമാറും.
പിടിയിലാകും വരെ കറങ്ങിയെന്ന് പൊലീസ്
ബുധനാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ കണ്ണൂരിൽ മൂന്നിടങ്ങളിൽ മാറി മാറിയാണ് താമസിച്ചത് . അഴീക്കോട് സ്വദേശികളായ ജിതിനും (കുട്ടൻ) സുഭാഷുമാണ് ആദ്യ രാത്രി രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ചത്. വ്യാഴാഴ്ച സുഹൃത്ത് പ്രണവിനൊപ്പം ജില്ലയിൽ പലയിടങ്ങളിലും സഞ്ചരിച്ചു. വാട്ടർ പ്യൂരിഫയർ സർവീസ് ജോലിക്കിടെ പ്രണവ് മരുതായിയിലെത്തിയപ്പോൾ ആയങ്കി കാറിൽ കാത്തിരുന്നു. പിന്നീട് തളിപ്പറമ്പിലെ സുജിനെന്ന സുഹൃത്തിന്റെ സഹായത്തോടെ ഹോട്ടൽ മുറിയിൽ താമസിച്ചു. പൊലീസിനെ കബളിപ്പിക്കാൻ പ്രണവ് ആയങ്കി സഞ്ചരിച്ച കാറുമായി പലയിടങ്ങളിൽ കറങ്ങി. ശനിയാഴ്ച അന്വേഷണം ശക്തമായതോടെ ഓട്ടോയിലാക്കി യാത്ര. മണിക്കൂറുകൾ നീണ്ട കറക്കത്തിനൊടുവിൽ ചുടലയിൽ ഇറങ്ങി. സുഹൃത്ത് രാഹുലിനൊപ്പം ചുവന്ന നെക്സോൺ കാറിൽ താളിക്കാവിലെ അഭിഭാഷകയുടെ വില്ലയിലെത്തി. കണ്ണൂർ പഴയ സ്റ്റാൻഡിൽ ആയങ്കിയെ ഇറക്കിവിട്ടെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞതെങ്കിലും, നെക്സോൺ കാറിന്റെ സഞ്ചാരപഥം സിസിടിവി പരിശോധനയി
ൽ തെളിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |