
തിരുവനന്തപുരം: സഹകരണ വകുപ്പിൽ 700 കോടിയുടെ തട്ടിപ്പിനു നീക്കം നടക്കുന്നതായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പൊതു സോഫ്റ്റ്‌വെയർ തയ്യാറാക്കാനുള്ള പദ്ധതിയുടെ പേരിലാണിത്. ഇതിനായി ലോകത്തെ വൻ ഐ.ടി കമ്പനികളിലൊന്നായ ടി.സി.എസുമായി (ടാറ്റ കൺസൾട്ടൻസി സർവീസ്) ധാരണയിലെത്തിയ കരാർ, ഒരുവിധ മുൻപരിചയവുമില്ലാത്ത കണ്ണൂരിലെ ദിനേശ്ബീഡി സഹകരണസംഘത്തിന് കൈമാറാനാണ് നീക്കമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
4,415 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പൊതുസോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ ടി.സി.എസിനു 206 കോടി രൂപയ്ക്ക് കരാർ നൽകാനായിരുന്നു തീരുമാനം. എന്നാൽ പുതുക്കിയ നിബന്ധനകളോടെ വീണ്ടും ടെൻഡർ വിളിച്ചു. സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും മലബാർ ഇൻഫർമേഷൻ ടെക്‌നോളജി കോ- ഓപ്പറേറ്റിവ് സൊസൈറ്റിയുമാണ് ടെൻഡറിൽ പങ്കെടുത്തത്.
ദിനേശ് ബീഡി സഹകരണ സംഘം നൽകിയ 58 കോടിയുടെ ബിഡ് ആണ് സർക്കാർ അവാർഡ് ചെയ്യാൻ തയ്യാറെടുക്കുന്നത്. ഈ ക്രമത്തിൽ 4,415 ഇടങ്ങളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കുമ്പോൾ 914 കോടിയോളം ചെലവ് വരും. ടി.സി.എസിനേക്കാൾ 708 കോടി അധികമാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേകാനുമതിയോടെ ടെൻഡർ നൽകാനാണ് നീക്കമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അടിസ്ഥാനരഹിതം: മന്ത്രി വാസവൻ
അടിസ്ഥാനമില്ലാത്തതും സാമാന്യബോധം ഇല്ലാത്തതുമായ ആക്ഷേപമാണ് രമേശ് ചെന്നിത്തല നടത്തിയതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ദിനേശ് ബീഡിയെന്ന് പറയുന്നത് ഒരു സഹകരണ സ്ഥാപനമാണ്. സിംഗിൾ ബിഡ്കാർക്ക് കൊടുക്കാതിരിക്കാനാണ് ടി.സി.എസിനെ ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമെന്നല്ലാതെ മറ്റൊന്നും ആരോപണത്തിലില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |