
തിരുവനന്തപുരം: ഒരു പതിറ്റാണ്ടിനുശേഷം യു.ഡി.എഫിനെ അധികാരത്തിലെത്തിച്ച ചരിത്രവിജയത്തിന്റെ അണിയറ ശില്പിയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. നേതാക്കളെ ഗ്രൂപ്പുകൾക്കതീതമായി ഒരുമിപ്പിച്ച് നിറുത്തിയതും ഒരു ടീമാക്കി മാറ്റിയതും വിജയത്തിൽ നിർണായകമായി. മൂന്നു വർഷം മുമ്പ് കേരളത്തിന്റെ ചുമതലയേറ്റതുമുതൽ ദീപാദാസ് മുൻഷിയുടെ പ്രധാന ലക്ഷ്യം കോൺഗ്രസിലെ ഐക്യമായിരുന്നു.
2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആവിഷ്‌കരിച്ച് വിജയിച്ച തന്ത്രങ്ങളാണ് കേരളത്തിലും പ്രാവർത്തികമാക്കിയത്. കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള നയപരമായ ഇടപെടൽ നടത്തി. സ്ഥാനാർത്ഥി നിർണയം തർക്കങ്ങൾക്കിടനൽകാതെ പൂർത്തിയാക്കി. വിജയസാദ്ധ്യത മാത്രമേ സ്ഥാനാർത്ഥിനിർണയത്തിൽ പരിഗണിക്കാവൂ എന്ന ദീപാദാസ് മുൻഷിയുടെ നിർബന്ധം ഹൈക്കമാൻഡും അംഗീകരിച്ചു. തിരഞ്ഞെടുപ്പ് ചുമതല നേതാക്കൾക്ക് കൃത്യമായി വിഭജിച്ചു നൽകിയതോടെ മുന്നണിയെ നയിക്കുന്നത് കൂട്ടായ കടമയാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചർച്ചകൾക്ക് ആദ്യഘട്ടത്തിൽ തന്നെ തടയിടാനുമായി.
സംസ്ഥാനഭരണം തിരിച്ചുപിടിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ പദ്ധതികളുടെ ചുക്കാൻ പിടിച്ചതും ദീപാദാസ് മുൻഷിയാണ്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. വീഴ്ചകൾ ഹൈക്കമാൻഡിനെ അറിയിച്ച് പരിഹാര നടപടികളെടുത്തു. ഒരു ഘട്ടത്തിൽ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പുപോര് കനത്തതോടെ ദീപാദാസ് മുൻഷിയോട് കേരളത്തിൽ സ്ഥിരതാമസമാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിക്കുകയും ചെയ്തു. കോൺഗ്രസിന് ഏറ്റവും സാദ്ധ്യതയുള്ള കേരളത്തിൽ ഒരു തരത്തിലും ഭരണം നഷ്ടപ്പെടരുതെന്ന ഹൈക്കമാൻഡിന്റെ നിർദ്ദേശം അതേപടി നടപ്പാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |