SignIn
Kerala Kaumudi Online
Monday, 24 August 2026 1.21 AM IST

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: 2029ൽ നടപ്പാക്കാൻ ആലോചന

election

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029ൽത്തന്നെ നടപ്പാക്കാൻ എൻ.ഡി.എ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.2034ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ നടപ്പാക്കാനായിരുന്നു ആദ്യ നീക്കം. നിലവിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ(ജെ.പി.സി) പരിഗണനയിലാണ്.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും,എൻ.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്താൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. പല സംസ്ഥാന നിയമസഭകളും കാലാവധി പൂർത്തിയാകുംമുൻപ് പിരിച്ചുവിടേണ്ടി വരും. ഗോവ, ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി മുഖ്യമന്ത്രിമാർ ഈ നീക്കത്തോട് അനുകൂലിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിമാർ, നിയമസഭാ സാമാജികർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരുമായി സമിതി ചർച്ച നടത്തുന്നുണ്ട്. ഭരണഘടനാപരമായും, ഭരണപരമായും എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട് എന്നതും പരിശോധിക്കുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആഗസ്റ്റ് 13ന് അവസാനിപ്പിച്ച് പിരിഞ്ഞെങ്കിലും ഇതുവരെ വിജ്ഞാപനമിറക്കിയിട്ടില്ല. അതായത് ഏതുനിമിഷവും വീണ്ടും സഭ ചേരാമെന്ന സാഹചര്യം നിലനിൽക്കുന്നു. അതിനാൽ, മണ്ഡല പുനർനിർണയ ഭേദഗതി ബിൽ ഉടൻ വന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. കോൺഗ്രസുമായി ഉടക്കിനിൽക്കുന്ന ഡി.എം.കെയുമായും 'ഇന്ത്യ' മുന്നണിയിലെ ചില രാഷ്ട്രീയ പാർട്ടികളുമായും എൻ.ഡി.എ നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുവെന്ന് സൂചനയുണ്ട്. ഇരുസഭകളിലും മേൽക്കൈ ഉറപ്പാക്കാനായാൽ മണ്ഡല പുനർനിർണയ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിച്ചേക്കും. ബഡ്ജറ്റ് സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നെങ്കിലും ലോക്‌സഭ കടക്കാനായില്ല. ഇതേതുടർന്ന് പിൻവലിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ കാലാവധി പൂർത്തിയാക്കും മുൻപ് പിരിച്ചുവിടുന്നത് ഫെഡറലിസത്തെയും ജനാധിപത്യത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്. വർഷകാല സമ്മേളനം അവസാനിപ്പിച്ച് വിജ്ഞാപനമിറക്കാത്തതിനെ കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദ്യം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA