SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.21 AM IST

കണ്ണീരായി കള്ളാടി മണ്ണിടിഞ്ഞ് മൂന്ന് മരണം

READ ENGLISH VERSION
flood

കൽപ്പറ്റ: ചൂരൽമലയ്‌ക്ക് മൂന്ന് കിലോമീറ്റർ മാത്രമകലെ ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം കനത്ത മഴയിൽ മണ്ണിടിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌ സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തുരങ്ക നിർമ്മാണ പ്രൊജക്ട് ഓഫീസിലെ എൻജിനിയർ അടക്കമുള്ള അഞ്ച് പേരെ കാണാതായി. ഇവർക്കായി കെഡാവർ നാ‌യ്‌ക്കളെ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്.

മണ്ണിൽ കുടുങ്ങിയ ഒമ്പതുപേരെ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹിര കുമാർ (32), ദിലീപ് കുമാർ (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ദിലീപ് കുമാർ, രജനീഷ് എന്നിവരുടെ നില ഗുരുതരമാണ്. ഇന്നലെ നിർമ്മാണം ഇല്ലായിരുന്നതിനാലാണ് ആൾനാശം കുറഞ്ഞത്. മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ദിഖും പ്രവർത്തനങ്ങൾ ഏകോപിച്ച് സ്ഥലത്തുണ്ട്.

ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. കള്ളാടി തുരങ്കപ്പാതയുടെ സമീപത്തെ കോൺക്രീറ്റ് ചെയ്ത ഭാഗവും സമീപത്തെ വലിയ മൺകൂനയും കുത്തിയൊലിച്ചാണ് പ്രദേശത്തെ തുടച്ചുനീക്കിയത്. സമീപത്തെ മീനാക്ഷി പാലവും പുഴയും കടന്ന് കല്ലും മണ്ണും പരന്നൊഴുകി. മലവെള്ളം കണ്ട് പാലം വഴി ഓടിയ ചിലർ രക്ഷപ്പെട്ടു. ഒഴുകിപ്പോയവരെ തിരിച്ചറിഞ്ഞിട്ടില്ല.

റോഡിലെ ചെളി വൃത്തിയാക്കിക്കൊണ്ടിരുന്ന ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിന്റെ ടാങ്കർ ലോറി 400 മീറ്റർ അകലേക്ക് നിരങ്ങിനീങ്ങി. ലോറിക്ക് ഇടയിൽപെട്ടും പലർക്കും പരിക്കേറ്റു. പാലത്തിന് ഇപ്പുറം നിറുത്തിയിട്ട ജീപ്പിലിടിച്ചാണ് ലോറി നിന്നത്. പാലത്തിന് അക്കരെ തൊഴിലാളികളെ കൊണ്ടുവരാനായ് നിറുത്തിയിട്ട ബസ് ഒഴുകിപ്പോയി. മസ്ജിദും വീടും ബസ് വെയ്റ്റിംഗ് ഷെഡും ഉൾപ്പെടെ തകർന്നു.

 അതിതീവ്രമഴ, അലർട്ട് പിന്നാലെ

തിങ്കളാഴ്ചയാരംഭിച്ച മഴ ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടു. ഇന്നലെ 255 മില്ലിമീറ്റർ അതിതീവ്ര മഴയായിരുന്നു വയനാട്ടിൽ. ഇന്നലെ 12.30നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തുരങ്ക നിർമ്മാണസ്ഥലത്തെ വലിയ മൺകൂന നീക്കണമെന്ന് കഴിഞ്ഞ രണ്ടിന് കളക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാർകമ്പനി അവഗണിച്ചു. ഇതുമായി ബന്ധപ്പെട്ട് മേപ്പാടി പൊലീസ് കേസെടുത്തു. പാലത്തിന് ഇരുവശവും കുടുങ്ങിയവരെ സുരക്ഷിതമായി മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ, ചൂരൽമല പള്ളി ഹാൾ എന്നിവിടങ്ങളിലേക്ക് മാറ്റി. കോഴിക്കോട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

English Summary

kalladi landslide three died several injured

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA