
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യത്തിന് ഇനി തിരുവനന്തപുരത്തുകാരനായ ശാസ്ത്രജ്ഞൻ എസ്.ആർ.ബിജു നേതൃത്വം നൽകും. ബംഗളൂരു ആസ്ഥാനമായ ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെന്ററിന്റെ ഡയറക്ടറായാണ് നിയമനം.
ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെന്ററിന്റെ ആദ്യഡയറക്ടർ മലയാളിയായ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായരായിരുന്നു. അദ്ദേഹം വി.എസ്.എസ്.സി ഡയറക്ടറായപ്പോൾ ദിനേശ്കുമാർ സിംഗിനെ നിയമിച്ചു. യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിലേക്ക് സിംഗ് മാറ്റിയപ്പോഴാണ് ബിജു നിർണ്ണായക പദവിയിലെത്തിയത്.
മൂന്ന് പതിറ്റാണ്ട് പി.എസ്.എൽ.വി റോക്കറ്റ് നിർമ്മാണത്തിലും പുതിയ പതിപ്പുകളുടെ വികസനത്തിലും വിക്ഷേപണത്തിലും നേതൃത്വം നൽകി. 2019ലാണ് പി.എസ്.എൽ.വി പ്രൊജക്ട് ഡയറക്ടറായത്. 2023ലെ ആദിത്യ എൽ.1 വിക്ഷേപണമായിരുന്നു ശ്രദ്ധേയം. സൂര്യനെ നിരീക്ഷിക്കാനുള്ള ആദിത്യ വിക്ഷേപിച്ചത് പി.എസ്.എൽ.വി എക്സ്.എൽ പതിപ്പിന്റെ സി- 57 റോക്കറ്റുപയോഗിച്ചാണ്. റോക്കറ്റിന്റെ നിർമ്മാണത്തിനും വിക്ഷേപണത്തിനും നേതൃത്വം നൽകിയത് ബിജുവായിരുന്നു. അന്നത്തെ ചെയർമാൻ എസ്.സോമനാഥിന്റെ നേതൃത്വത്തിലുള്ളതായിരുന്നു ആദിത്യമിഷൻ ടീം. 2024ൽ സ്‌പെഡക്സ് ദൗത്യത്തിന് ഉപയോഗിച്ച പി.എസ്.എൽ.വി സി- 60ന്റെ വിക്ഷേപണത്തിനും ബിജു നേതൃത്വം നൽകി.
സി.ഇ.ടിയിൽ നിന്ന് 1989ൽ ബിടെക് പൂർത്തിയാക്കി 1991ലാണ് വി.എസ്.എസ്.സിയിൽ എത്തുന്നത്. ഭാര്യ ഡോ.മീനാ കൃഷ്ണൻ എസ്.കെ ഹോസ്പിറ്റലിൽ പീഡിയാട്രിഷ്യനാണ്. മകൻ രാഹുൽ എം.ബിജു എൻജിനിയറിംഗിനും മകൾ ധന്യ എം.ബിജു എം.ബി.ബി.എസിനും പഠിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |