
തിരുവനന്തപുരം: നിലപാടുകളുടെ രാജാവിനു വനവാസമല്ല ജനം കല്പിച്ചത്, ഭരണസിംഹാസനത്തിലേക്കുള്ള പരവതാനി. ' ചെയ്യാനാവുന്നതേ പറയൂ, പറയുന്നത് ചെയ്യും". ഈ നിശ്ചയദാർഢ്യമാണ് വി.ഡി.സതീശൻ എന്ന നേതാവിനു രാഷ്ട്രീയത്തിൽ വേഗത്തിലൊരു ചാന്ദ്രശോഭ നൽകിയത്. നൂറിലേറെ സീറ്റുമായി യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുമെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശൻ പറഞ്ഞപ്പോൾ, സ്വന്തം പാർട്ടിയിലെ തന്നെ പലരും നെറ്റിചുളിച്ചു. വിസ്മയങ്ങളുണ്ടാവുമെന്ന് അവകാശപ്പെട്ടപ്പോൾ ചിലരുടെ ചുണ്ടുകൾ പരിഹാസത്താൽ കോടി. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ടത് പലവിധ വിസ്മയങ്ങൾ. ഇപ്പോൾ കാണുന്നത് അതിന്റെ തുടർച്ചയും.
102 സീറ്റുകളെന്ന തിളക്കമാർന്ന നേട്ടത്തിനു പിന്നിൽ ഒറ്റ വിജയമന്ത്രമേ ഉണ്ടായിരുന്നുള്ളു, ടീം യു.ഡി.എഫ്. അതിന്റെ നട്ടെല്ലായത് സതീശനും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പി.ടി.തോമസും തിരുവഞ്ചൂർ രാധാകൃഷ്ണനുമുൾപ്പെടെയുള്ള നേതാക്കളുടെ പിൻനിരക്കാരനായി നിന്ന സതീശനെ, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 41 പേരിലേക്കൊതുങ്ങിയ ദുർബ്ബല പ്രതിപക്ഷത്തിന്റെ നേതാവായി അവരോധിച്ചു. അവിടെയാണ് യഥാർത്ഥ പോരാട്ടം തുടങ്ങിയത്. ഒരു കാറ്റിലുമുലയാത്ത പിണറായി വിജയൻ എന്ന കടുപ്പക്കാരനായ മുഖ്യമന്ത്രിക്കുനേരെ ചാട്ടുളി മുനയുള്ള ചോദ്യങ്ങൾ എറിഞ്ഞ് സതീശൻ കൈയടിവാങ്ങി. ഇരട്ടച്ചങ്കനും ഇരട്ടക്കൊമ്പനും തമ്മിലുള്ള പോരാട്ടം നിയമസഭയെ പലപ്പോഴും പ്രകമ്പനം കൊള്ളിച്ചു.
വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിപഠിച്ച്, പി.രാജീവിനെയും കെ.എൻ.ബാലഗോപാലിനെയും പോലുള്ള മന്ത്രിമാരെപ്പോലും വെള്ളംകുടിപ്പിച്ചു.
ഇലക്ഷൻ എൻജിനിയറിംഗ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പായിരുന്നു ആദ്യവെല്ലുവിളി. കൃത്യമായ പ്ളാനിംഗോടെയും ടീം സ്പിരിറ്റോടെയും തൃക്കാക്കരയിൽ സതീശതന്ത്രം വിജയം കണ്ടു. പുതുപ്പള്ളിയിലും പാലക്കാട്ടും വിജയഗാഥ ആവർത്തിച്ചു. ചേലക്കരയിൽ എൽ.ഡി.എഫിന്റെ പടയോട്ടത്തിനു കടിഞ്ഞാണിട്ടു. പാർട്ടിയിലെ യുവനിരയെ കൂടി വിശ്വാസത്തിലെടുത്തതും ഘടകകക്ഷികളെ തോൾ ചേർത്തു നിറുത്തിയതുമായിരുന്നു വിജയങ്ങളുടെ അടിത്തറ. സി.പി.എം ബാന്ധവമുപേക്ഷിച്ച് വന്ന പി.വി.അൻവർ യു.ഡി.എഫിൽ ചേക്കേറാൻ സമ്മർദ്ദതന്ത്രം മെനഞ്ഞപ്പോൾ പടിയടച്ച് പാറപോലെ ഉറച്ചുനിന്നതും സതീശൻ തന്നെ.
നിലപാടിലെ സ്ഥൈര്യം
ലൈംഗികാരോപണത്തിൽ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിനു കാലിടറിയപ്പോൾ നിഷ്കരുണം നിലപാട് എടുത്തതും അതിൽ ഉറച്ചു നിന്നതും പിൽക്കാലത്ത് പാർട്ടിക്ക് നൽകിയ കായബലം ചെറുതല്ല. വ്യക്തിപരമായ വാത്സല്യം മാറ്റിവച്ച് ശരിപക്ഷത്ത് അന്ന് സതീശൻ നിലകൊണ്ടത് ഒപ്പം നിന്ന പലരുടെയും അനിഷ്ടത്തിനിടയാക്കി. വയനാട് ചിന്തൻ ശിബിരത്തിനുശേഷം 65 സീറ്റുകളിൽ കോൺഗ്രസിനു വിജയസാദ്ധ്യത എന്നൊരു കണക്ക് അദ്ദേഹം അവതരിപ്പിച്ചത് പാർട്ടിയിൽ ചില മുറുമുറുപ്പുകളുയർത്തി. എങ്കിലും തന്റെ കണക്കുകൂട്ടൽ അദ്ദേഹം തിരുത്തിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസിനു ലഭിച്ച 63 സീറ്റുകൾ സതീശന്റെ ദീർഘവീക്ഷണത്തിന്റെ സാക്ഷ്യപത്രമാണ്.
ജനപിന്തുണ
ഇപ്പറഞ്ഞ നിലപാടുകളും സവിശേഷതകളും ജനങ്ങളുടെ മനസിൽ വിശ്വാസ്യതയുള്ള, കരുത്തനായ നേതാവിന്റെ ബിംബമാണ് പ്രതിഷ്ഠിച്ചത്. മുഖ്യമന്ത്രിപദവിയെക്കുറിച്ചുള്ള ആലോചന തുടങ്ങും മുമ്പെ ജനങ്ങൾ കക്ഷിഭേദമന്യെ സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതും അങ്ങനെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |