SignIn
Kerala Kaumudi Online
Thursday, 23 April 2026 3.45 PM IST

ലോകായുക്ത നിയമഭേദഗതി കേസ് തീർപ്പാക്കി: മുഖ്യമന്ത്രി കേസുകളിൽ സമയപരിധി വേണം

Increase Font Size Decrease Font Size Print Page
high-court-

കൊച്ചി: മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ ലോകായുക്ത സമർപ്പിക്കുന്ന റിപ്പോർട്ട് നിയമസഭ 90 ദിവസത്തിനകം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

സംസ്ഥാന നിയമസഭ പാസാക്കി രാഷ്ട്രപതി അംഗീകാരം നൽകിയ വിവാദ ലോകായുക്ത നിയമഭേദഗതിയിലാണ് നിർണായക കൂട്ടിച്ചേർക്കൽ വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. നിയമഭേദഗതി ശരിവച്ചുകൊണ്ടുള്ള തീർപ്പാക്കലിനൊപ്പമാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

ഇതു സംബന്ധിച്ച തുടർനടപടി ഉടൻ ആരംഭിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇത് നിയമത്തിൽ സർക്കാർ കൂട്ടിച്ചേർക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. ഈ നിബന്ധനയില്ലെങ്കിൽ നിയമത്തിലെ പലവകുപ്പുകളും അർത്ഥശൂന്യമാകും. നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ പ്രത്യേക സാഹചര്യങ്ങളിൽ വാക്കുകൾ കൂട്ടിച്ചേർക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധികളും ഡിവിഷൻബെഞ്ച് ഉദ്ധരിച്ചു.

അഴിമതിക്കേസിലുൾപ്പെടെ മുഖ്യമന്ത്രിക്കെതിരായ ലോകായുക്തവിധികളിൽ ഗവർണർക്കു പകരം നിയമസഭയും, മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും തീരുമാനമെടുക്കണമെന്ന നിയമഭേദഗതിയാണ് കോടതി ശരിവച്ചത്. എം.എൽ.എമാരുടെ കാര്യത്തിൽ സ്പീക്കറും, ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാരുമാണ് തീരുമാനമെടുക്കേണ്ടത്. നിയമം ഭേദഗതി ചെയ്യാൻ നിയമസഭയ്ക്കുള്ള അധികാരം ചോദ്യം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ലോകായുക്തയെ ദുർബലമാക്കുന്ന ഭേദഗതികൾ അഴിമതിക്ക് ഒത്താശ ചെയ്യാനാണെന്നും അവ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്. എൽ.ഡി.എഫ് സർക്കാർ 2022ൽ പാസാക്കിയ നിയമഭേദഗതി 2024ലാണ് രാഷ്ട്രപതി അംഗീകരിച്ചത്.

ഗവർണറുടെ അധികാരം നിലനിൽക്കും

മുഖ്യമന്ത്രിക്കെതിരായ റിപ്പോർട്ട് നിയമസഭ അംഗീകരിച്ചിട്ടും നടപടിയുണ്ടായില്ലെങ്കിൽ വിശദീകരണക്കുറിപ്പോടെ വീണ്ടും സഭയുടെ മേശപ്പുറത്തുവയ്ക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന വകുപ്പ് നിലനിൽക്കുമെന്നും കോടതി

റിപ്പോർട്ടിലെ തീരുമാനം ലോകായുക്തയെ അറിയിക്കണം. ഇത് അംഗീകരിക്കാനോ വിയോജിച്ച് ഗവർണർക്ക് റിപ്പോർട്ട് നൽകാനോ ലോകായുക്തയ്ക്കാകും

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി ലോകായുക്ത അദ്ധ്യക്ഷനാകണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുന്നത് ഉചിതമാകും. റിട്ട.ജഡ്ജിയേയും പരിഗണിക്കാമെന്ന ഭേദഗതിയിൽ യുക്തിയില്ല. ഇതിൽ നിയമസഭയ്ക്ക് ഉചിതമായ തീരുമാനമെടുക്കാം

TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.