
കോഴിക്കോട്: നാടിനെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസ് വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്. 134സാക്ഷികളുള്ള കേസിലെ അവസാനത്തെ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ആർ.ഹരിദാസിന്റെ മൊഴിയെടുക്കലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മാറാട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് സി.സുരേഷ്‌കുമാറിന് മുമ്പാകെയുള്ള മൊഴിയെടുക്കൽ രണ്ടു ദിവസം കൂടി തുടരും. തുടർന്ന് കേസിലെ മുഖ്യപ്രതി ജോളി ജോസഫടക്കം നാലുപ്രതികളെ കോടതി ചോദ്യംചെയ്യുന്ന നടപടികളാരംഭിക്കും. ജോളിയെക്കൂടാതെ എം.എസ്.മാത്യു, പ്രജികുമാർ, മനോജ് കുമാർ തുടങ്ങിയവരാണ് മറ്റ് പ്രതികൾ. നിലവിലെ ആറുകേസുകളിൽ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലായിരിക്കും ആദ്യ വിധി. 2019 ഒക്ടോബർ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (58) മകനും ജോളിയുടെ ഭർത്താവുമായ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ ജയിലിൽ നിന്ന് ഡിഗ്രിപഠനം നടത്തുകയാണ് ജോളി. പതിവുപോലെ ജീൻസും ഷർട്ടുമിട്ട് അടിപൊളി വേഷത്തിൽ കൂസലില്ലാതെയാണ് ജോളി ഇന്നലെയും കോടതിയിലെത്തിയത്. അന്വേഷണോദ്യാഗസ്ഥനായ ഹരിദാസിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനാൽ ഇന്നലെ ഉച്ചവരെയാണ് സാക്ഷിവിസ്താരം നടത്തിയത്. അഡീഷണൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഇ. സുഭാഷും അഭിഭാഷകരായ കെ.പി.പ്രശാന്ത്, ഹിജാസ് അഹമ്മദ് എന്നിവരും ജോളിക്കുവേണ്ടി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |