
തിരുവനന്തപുരം: ജോസഫ് സ്റ്റാലിനെ ഘാതക ചക്രവർത്തിയാക്കി സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അജിത് കൊളാടിയാണ് ലേഖന കർത്താവ്. എന്നാൽ ലേഖനത്തെക്കുറിച്ച് പാർട്ടിയുടെ പ്രതികരണമില്ല.
'അതിരില്ലാത്ത അറിവില്ലായ്മയ്ക്ക് പ്രണാമം'എന്ന ലേഖനത്തിൽ സ്റ്റാലിനെ ഹിറ്റ്ലറും മുസോളിനിയുമുൾപ്പെടുന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ,'അധികാരത്തിനും കിട്ടിയ അധികാരം നിലനിർത്താനും സ്വേച്ഛാധിപതികൾ ചെയ്യാൻ മടിക്കുന്ന ഒരു പാതകവും മനുഷ്യൻ ഇന്നോളം കണ്ടുപിടിച്ചിട്ടില്ല. പ്രവാചകന്മാരും ഗാന്ധിജിയും മണ്ഡേലയും മറ്റും മനുഷ്യ സ്നേഹത്തിന്റെ പ്രതീകമാണെങ്കിൽ, ലോകത്തിലെ ഘാതക ചക്രവർത്തിമാരിൽ അഗ്രാസനാർഹരാണ് ചെങ്കിസ്ഖാൻ, ലിയോപോൾ രണ്ടാമൻ, പോൾപോട്ട്, ഹിറ്റ്ലർ, മുസോളിനി, സ്റ്റാലിൻ, കിം ഇൽ സങ് തുടങ്ങിയവർ. അക്കൂട്ടത്തിൽപ്പെടുന്നു വർത്തമാനകാലത്ത് ഡൊണാൾഡ് ട്രംപ്, നെതന്യാഹൂ, വ്ളാദിമീർപുട്ടിൻ, നരേന്ദ്രമോദി, എർദോഗാൻ, വിക്ടർഓർബൻ തുടങ്ങിയവർ. ഇവർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ സാമ്യമില്ല.'.
ലേഖനത്തെ ന്യായീകരിച്ച് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് രംഗത്തു വന്നു. പാർട്ടി നിലപാടാണ് അജിത് കൊളാടിയുടെ ലേഖനത്തിലുള്ളതെന്നും സ്റ്റാലിന്റെ ചിത്രം സി.പി.ഐ ഓഫീസുകളിൽ വയ്ക്കാറില്ലെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |