SignIn
Kerala Kaumudi Online
Thursday, 13 August 2026 1.37 AM IST

ഗൗതമിന്റെ അമ്മയുടെ സങ്കടം സഹിക്കാനായില്ല; ജഡ്ജിയാണെങ്കിലും വിതുമ്പി കെ.സനിൽകുമാർ

s

കൊല്ലം: 'അച്ഛനെയും ഭർത്താവിനെയും കടലിൽ നഷ്ടമായി. ഒപ്പം കാണാതായ മൂത്തമകൻ ഗൗതംകൃഷ്ണയെ രണ്ടാഴ്ചയായി കാത്തിരിക്കുന്ന രേഷ്മയുടെ തോരാകണ്ണീർ ന്യായാധിപന്റെയും ഉള്ളുലച്ചു. കോട്ടയം ജില്ലാ സെഷൻസ് ജഡ്ജി കെ. സനിൽകുമാറാണ് രേഷ്മയ്‌ക്കു മുന്നിൽ വാക്കുകളിടറി അല്പനേരം കണ്ണടച്ച് മൗനിയായത്.

'കരയണം, കരഞ്ഞ് സങ്കടം തീർക്കണം, അല്ലേൽ സങ്കടം ഉള്ളിൽക്കിടന്ന് മനസ് തകരും"- ഇത്രമാത്രം പറഞ്ഞ് അദ്ദേഹം രേഷ്മയുടെ നീണ്ടകരയിലെ വീട്ടിൽ നിന്നിറങ്ങി. ഗൗതംകൃഷ്ണയുടെ അമ്മൂമ്മ സുമംഗലയെയും അദ്ദേഹം ആശ്വസിപ്പിച്ചു. പോകും മുമ്പ് തന്റെ സമ്പാദ്യത്തിൽ നിന്ന് ചെറിയ തുകയും രേഷ്മയ്ക്ക് നൽകി.

ഗൗതംകൃഷ്ണയുടെ വീടിനടുത്തുള്ള നീണ്ടകര പുത്തൻതുറയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് സനിൽകുമാർ ജനിച്ചത്. ഗൗതംകൃഷ്ണയെയും കുടുംബാംഗത്തെയും അദ്ദേഹത്തിന് അടുത്തറിയാം. അതുകൊണ്ടാണ് ആശ്വസിപ്പിക്കാനെത്തിയത്. ഒപ്പം കേരള ലീഗൽ സർവീസസ് അതോറിട്ടിയുടെ നിർദ്ദേശവുമുണ്ടായിരുന്നു.

നീണ്ടകരയിൽ കരിമണൽ ഖനനത്തിനെതിരായ സമരങ്ങളുടെ മുൻനിരയിൽ യുവാവായിരിക്കെ കെ. സനിൽകുമാർ ഉണ്ടായിരുന്നു. മത്സ്യബന്ധനത്തിനും പോയിട്ടുണ്ട്. അതുകൊണ്ട് കാറ്റും കോളും ഉണ്ടാകുമ്പോൾ കരയിലുള്ള അമ്മമാരുടെ മനസിലെ ആധി അദ്ദേഹത്തിന് നന്നായറിയാം.

ഞാൻ ഓടികളിച്ച മണ്ണാണ്. ഈ കുടുംബത്തെ എല്ലാവരും സഹായിക്കണം. നാട് കാവലാകണം എന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സബ് ജഡ്ജ് രേഖ ലോറിയൻ, കരുനാഗപ്പള്ളി മുൻസിഫ് മജിസ്ട്രേറ്റ് മിഥുൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞമാസം 31ന് പുലർച്ചെയാണ് നീണ്ടകരയിൽ വള്ളം മറിഞ്ഞ് 14 മത്സ്യത്തൊഴിലാളികളെ കാണാതായത്. 12 പേരെ കരയ്ക്കെത്തിച്ചെങ്കിലും ഗൗതംകൃഷ്ണയുടെ മുത്തച്ഛൻ രാജീവൻ മരിച്ചിരുന്നു. ഗൗതമിന്റെ അച്ഛൻ രാധാകൃഷ്ണന്റെ മൃതദേഹം തൊട്ടടുത്ത ദിവസവും ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA