
കൊച്ചി: രാജ്യവ്യാപകമായി ജഡ്ജിമാർക്ക് ക്ഷാമംനേരിടുമ്പോഴും അഖിലേന്ത്യാ ജുഡിഷ്യൽ സർവീസ് (എ.ഐ.ജെ.എസ്) കടലാസിൽത്തന്നെ. ഐ.എ.എസ് മാതൃകയിൽ അഖിലേന്ത്യാതലത്തിൽ നടപ്പാക്കുന്നതിനെ സംസ്ഥാനങ്ങളും ഹൈക്കോടതികളും എതിർക്കുന്നതാണ് കാരണം. ജില്ലാജഡ്ജിയിൽ കുറയാത്ത തസ്തികകളിലെ നിയമനത്തിലും വിയോജിപ്പുണ്ട്. 15 വർഷമായി പലചർച്ചകളും നടന്നെങ്കിലും സമവായമായില്ല. കേന്ദ്രീകൃത സംവിധാനം ഫെഡറൽ തത്വത്തിന് വിരുദ്ധമാണെന്നും ഹൈക്കോടതികളുടെ നിയന്ത്രണം കുറയ്ക്കുമെന്നുമാണ് ആക്ഷേപം.
അഖിലേന്ത്യാ ജുഡിഷ്യൽ സർവീസ് രൂപീകരിക്കാമെന്ന് ഭരണഘടനയുടെ 312-ാം അനുഛേദത്തിലുണ്ട്. പാർലമെന്റിന്റെ അംഗീകാരവും നേടണം. കേസുകൾ വലിയതോതിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 2012ൽ സെക്രട്ടറിമാരുടെ സമിതി നിർദ്ദേശം തയ്യാറാക്കി. 2013ൽ മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും സമ്മേളനത്തിൽ ചർച്ചയായെങ്കിലും വിശദമായ കൂടിയാലോചനകൾ വേണമെന്ന നിലപാടിലെത്തി. തുടർന്ന് സംസ്ഥാനങ്ങളുടേയും ഹൈക്കോടതികളുടേയും അഭിപ്രായം തേടിയെങ്കിലും വലിയ എതിർപ്പാണുണ്ടായത്. പദ്ധതി മരവിച്ചിരിക്കുകയാണ്.
ജില്ലാ ജഡ്ജിമാരുടെ നിയമനത്തിന് ജുഡിഷ്യൽ സർവീസ് കമ്മിഷൻ രൂപീകരിക്കുന്ന കാര്യവും 2015ലെ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തിൽ ചർച്ചയായിരുന്നു. എന്നാൽ നിലവിലെ രീതിയിൽ ഒഴിവുകൾ വേഗത്തിൽ നികത്താൻ ഹൈക്കോടതികളെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. 2017ൽ നിയമമന്ത്രി വിളിച്ച യോഗത്തിലും പാർലമെന്ററി സമിതികളിലും യോഗ്യതയും സംവരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായി. 2022ൽ നടന്ന സംയുക്തസമ്മേളനത്തിന്റെ അജൻഡയിൽ വിഷയം ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫണ്ടില്ലായ്മയും അടിസ്ഥാന സൗകര്യക്കുറവുമാണ് നിയമനങ്ങൾ നടക്കാത്തതിന്റെ പ്രധാനപ്രശ്നമെന്ന് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
ഏഴുവർഷത്തെ അഭിഭാഷക പരിചയമുള്ളവർക്കും കീഴ്‌ക്കോടതികളിലെ ജഡ്ജിമാർക്കും എ.ഐ.ജെ.എസിലേക്ക് അപേക്ഷിക്കാമെന്നാണ് കരട് നിർദ്ദേശം. നിലവിൽ ഹൈക്കോടതി ശുപാർശയും സംസ്ഥാന സർക്കാരിന്റെ അംഗീകാരവും അനുസരിച്ച് ഗവർണറാണ് ജില്ലാ ജഡ്ജി പദവിയിലുള്ളവരെ നിയമിക്കുന്നത്.
ആനുകൂലം
പ്രതികൂലം
* ഇന്ത്യയിലെ ജില്ലാ-സബോർഡിനേറ്റ് കോടതികളിൽ ജഡ്ജിമാരുടെ ഒഴിവ്: 7310
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |