
വിധി ക്ഷണികമാണ്. സന്തോഷവും ക്ഷണികമെന്നറിയാമെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ആഘോഷ പരിപാടികൾ നടത്തിയ ആളുകൾ സത്യത്തിൽ സമുദായത്തിന്റെ ശ്രേയസിനു വേണ്ടിയോ, ഐശ്വര്യത്തിനു വേണ്ടിയോ ഒന്നുമല്ല അത് നടത്തിയത്.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ 'വ്യവഹാരയോഗം" വളരെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആണ്. മഹനായ ആർ . ശങ്കറിന് വിലക്ക് കല്പിച്ചതും അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടതും ഇതുപോലൊരു 'വ്യവഹാര"മാണെന്നത് പ്രസിദ്ധമാണ്. അന്ന് എസ്.എൻ. ട്രസ്റ്റിന്റെ നേതൃത്വം കയ്യടക്കാനാഗ്രഹിച്ച ചില തല്പരകക്ഷികൾ മറ്റു ചില 'ശിഖണ്ഡി"കളെ മുൻനിർത്തി വ്യവഹാരം നടത്തി. ഒരു ഘട്ടത്തിൽ ഒളിയമ്പേറ്റ് ആർ. ശങ്കർ നിലംപതിച്ചു. അങ്ങനെ സമുദായത്തിന് എക്കാലത്തെയും തലയെടുപ്പുള്ള വലിയ നേതാവിനെ നഷ്ടമായി. പിൽക്കാലത്തും വ്യവഹാരങ്ങൾക്ക് യാതൊരു ശമനവുമുണ്ടായില്ല. ഇടക്കാലത്ത് എസ്.എൻ. ട്രസ്റ്റിന്റെ ഭരണസമിതി തന്നെ പിരിച്ചുവിടപ്പെട്ടു. അവിടെ റിസീവർ ഭരണം വന്നു. പിന്നെയാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വന്നത്. എസ്.എൻ.ഡി.പി യോഗത്തിലും ഈയൊരു അവസ്ഥയുണ്ടായിരുന്നു. വളരെക്കാലത്തെ കോടതി വ്യവഹാരം മൂലം ഒരു സമയത്ത് പ്രവർത്തനം തന്നെ നിലച്ചു കിടന്നു. തഴവ കേശവൻ ഒരു സമാന്തര സംഘടന തന്നെയുണ്ടാക്കിയെന്നതാണ് ചരിത്രം.
ഇങ്ങനെ വ്യവഹാര സമ്പന്നമായ ഒരു ഭൂതകാലം മാത്രമല്ല, ഒരു വർത്തമാനകാലവും യോഗത്തിനുണ്ട്. എസ്.എൻ.ഡി.പി യോഗത്തിനു മാത്രമല്ല ധർമ്മസംഘത്തിനും എത്രയോ വലിയ വ്യവഹാരങ്ങളുണ്ടായി. ശാശ്വതികാനന്ദ സ്വാമി, കൈവല്യാനന്ദ സ്വാമി, പ്രകാശാനന്ദ സ്വാമി, ഋതംഭരാനന്ദ സ്വാമി എന്നിവരൊക്കെ ഈ വ്യവഹാര നാടകത്തിലെ പ്രധാന കഥാപാത്രങ്ങളും അഭിനേതാക്കളുമായി പ്രവർത്തിച്ചവരാണ്. യോഗത്തിലായാലും ട്രസ്റ്റിലായാലും ധർമ്മസംഘത്തിലായാലും വ്യവഹാരങ്ങൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. ഇനി കുറവുണ്ടാകാനും സാദ്ധ്യതയില്ല. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി നടേശന് എതിരായി വന്ന വ്യവഹാരങ്ങളെ മനസ്സിലാക്കേണ്ടത്. വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി വന്നപ്പോഴും ട്രസ്റ്റിന്റെ നേതൃത്വത്തിൽ വന്നപ്പോഴും കേസുകൾക്ക് ഒരു ലോപവും ഉണ്ടായിട്ടില്ല.
ശരണം
കോടതി
ഭൂരിപക്ഷ പിന്തുണ കിട്ടാത്ത ആളുകൾക്ക് ഏറ്റവും എളുപ്പമുള്ള മാർഗം കോടതി വ്യവഹാരത്തിന് പോകുകയാണ്. തോറ്റവരുടെ അഭയകേന്ദ്രമാണ് കോടതി. അത് എന്തുകാര്യത്തിനു വേണ്ടിയുമാകാം. ഒരു കാര്യവുമില്ലാതെയാകാം.
മറ്റം ഫിനാൻസ് മുതൽ മൈക്രോഫിനാൻസ് വരെയുള്ള വ്യവഹാരമായാലും; അതുമല്ല, ശാശ്വതികാനന്ദ സ്വാമിയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട പൊതുതാല്പര്യ വ്യവഹാരമാണെങ്കിലും. വ്യവഹാര കുതുകികളായ കുറെ ആളുകളുണ്ട്, അവരെ മുൻനിർത്തി സ്വാർത്ഥതാല്പര്യം നേടാൻ ശ്രമിക്കുന്ന മറ്റു ചില തല്പരകക്ഷികളും മൂലധനശക്തികളും വേറെ. ഇവരെല്ലാം ചേർന്നാണ് ഏതുകാലത്തും ശ്രീനാരായണ പ്രസ്ഥാനങ്ങളെ വ്യവഹാരക്കുടുക്കിലാക്കുന്നത്.
നിയമത്തിലെ
ആശയക്കുഴപ്പം
1903 ൽ എസ് .എൻ. ഡി .പി യോഗം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന കമ്പനി നിയമത്തിലെ വ്യവസ്ഥകളും കേരളത്തിലെ നോൺ ട്രേഡിംഗ് കമ്പനികളെ സംബന്ധിച്ച നിയമവും തമ്മിൽ ചില ആശയക്കുഴപ്പങ്ങളുണ്ട്. ഏതിനു കീഴിലാണ് രജിസ്‌ട്രേഷൻ, ഏതിനു കീഴിലാണ് രജിസ്‌ട്രേഷൻ തുടരുന്നത്. ഏതു പ്രകാരമുള്ള രജിസ്‌ട്രേഷനാണ് ഇവിടെ കൊടുക്കേണ്ടത്, അതിനോടനുബന്ധമായി ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയാണ്? എസ്.എൻ.ഡി.പി യോഗത്തിനു മാത്രമല്ല; ഇങ്ങനെയുള്ള നിയമങ്ങൾക്കു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ ആശയക്കുഴപ്പമുണ്ട്.
1921-ാമാണ്ടിൽ തിരുവിതാംകൂർ കമ്പനി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട ആലുവാ യു.സി. കോളേജിനെക്കുറിച്ചു വരെ ഇത്തരം തർക്കമുണ്ട്. കോളേജല്ലേ; നടത്തുന്ന ആളുകൾക്ക് കമ്പനീസ് ആക്ടിനെക്കുറിച്ചൊന്നും വലിയ ധാരണയുണ്ടാവില്ല. ഇടക്കാലത്ത് കോളേജിലെ മാനേജരോട് വിരോധമുള്ള ചില ആളുകൾ അദ്ദേഹത്തെ നീക്കം ചെയ്യാൻ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോൾ, കമ്പനീസ് ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചാണ് കോളേജ് പ്രവർത്തിക്കുന്നതെന്നും കോളേജിന്റെ ഭരണം ഏറ്റെടുക്കണമെന്നും പറഞ്ഞ് കോടതിയെ സമീപിച്ചു. കേസ് കേട്ട ന്യായാധിപന് കുറച്ചുകൂടി വിവേകം ഉണ്ടായിരുന്നതുകൊണ്ട് കടുത്ത നടപടികളിലേക്ക് പോയില്ല. യു.സി. കോളേജ് ഇപ്പോഴും കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തിൽ സംഭവിച്ചത് എൻ.എസ്.എസ് ഉൾപ്പെടെ കമ്പനീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഏതു സ്ഥാപനത്തിലും സംഭവിക്കാം.
പ്രാതിനിദ്ധ്യ
വോട്ടവകാശം
കമ്പനീസ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുക എന്നു പറഞ്ഞുള്ള വ്യവഹാരങ്ങൾ തുടങ്ങിയിട്ട് കുറെക്കാലമായി. എസ്.എൻ .ഡി.പി യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം കൊടുക്കണമെന്നതാണ് ഒരു ആവശ്യം. അങ്ങനെയെങ്കിൽ അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതിയിൽ വേണം യോഗം ജനറൽ സെക്രട്ടറിയേയും മറ്റ് ഭാരവാഹികളേയും തിരഞ്ഞെടുക്കാൻ. പ്രാതിനിദ്ധ്യ ജനാധിപത്യത്തിന്റെ സ്ഥാനത്ത് ഓരോ മെമ്പർക്കും വോട്ടവകാശം വന്നാൽ എല്ലാ ആളുകളും തിരിച്ചറിയൽ കാർഡുമായി വന്ന് നാടിന്റെ നാനാഭാഗത്തും, കേരളത്തിന് അകത്തും പുറത്തും പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തി വോട്ട് ചെയ്യേണ്ടി വരും. പണച്ചെലവ് ഭയങ്കരമായിരിക്കും; മനുഷ്യാദ്ധ്വാനം വളരെ കൂടുതലും. ഇതേത്തുടർന്ന് മൊത്തത്തിലുണ്ടാകുന്ന അന്തരീക്ഷവും യോഗം പോലുള്ള സംഘടനകൾക്ക് അഭികാമ്യമായിരിക്കില്ല.
അതിരു കടന്ന
ന്യായങ്ങൾ
ഇതുപോലെ അതിരുകടന്ന ന്യായങ്ങളുമായി ഓരോരുത്തർ കോടതിയെ സമീപിക്കുന്നുണ്ട്. അതിന് അവർക്ക് സ്വാതന്ത്ര്യവുമുണ്ട്. നമ്മുടെ രാജ്യത്ത് ജനാധിപത്യമുണ്ട്. ഇന്നയാൾക്ക് എതിരായി കേസ് കൊടുക്കരുതെന്നു പറഞ്ഞ് ആരെയും വിലക്കാൻ പറ്റില്ല. ഫലമുള്ള വൃക്ഷത്തിലേ കല്ലെറിയൂ എന്നൊരു സമാധാനം മാത്രമേ ബാക്കിയുള്ളൂ.
മാത്രമല്ല, മുൻകാല നേതാക്കളിൽ ആർക്കും യോഗത്തിലോ, ട്രസ്റ്റിലോ രണ്ടിലും കൂടി ഒരുമിച്ചോ ഇത്രയും കാലം ഒരേസമയം തുടരാൻ കഴിഞ്ഞിട്ടില്ല. സ്വാഭാവികമായും അസൂയക്കാരുടെയും വിരോധികളുടെയും കുബുദ്ധികളുടെയും എണ്ണം കൂടും. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്.
അങ്ങനെയിരിക്കുമ്പോഴാണ് മാർച്ച് 12-ാം തീയതി വെള്ളിടി പോലെ ഒരു വിധി വരുന്നത്. വരവ്- ചെലവ് കണക്കുകൾ യഥാസമയം ഹാജരാക്കുന്നതിൽ വീഴ്ച വരുത്തി എന്ന കാരണം പറഞ്ഞ് യോഗം ഡയറക്ടർ ബോർഡിലെ പ്രധാനപ്പെട്ട ആളുകളെ, ഡയറക്ടർമാരെ നിഷ്‌കാസനം ചെയ്തു. ഇതിന്റെ സാങ്കേതിക സ്വഭാവം കാണേണ്ടതുണ്ട്. കണക്കുകൾ ഇല്ലെന്നതല്ല, യഥാസമയം ഹാജരാക്കിയില്ലെന്നതാണ് ആ സാങ്കേതികത. അത് എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നതിന് വേറെ കാരണമുണ്ട്. വളരെക്കാലമായി കോടതി വ്യവഹാരത്തിൽപ്പെട്ട് ഒറിജിനൽ രേഖകൾ ഹൈക്കോടതിയുടെ തന്നെ പരിഗണനയിൽ കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഡയറക്ടർമാരുടെ 'ഡിൻ നമ്പർ" കിട്ടിയിരുന്നില്ല എന്ന പല ന്യായങ്ങളും യോഗം ഭാരവാഹികൾക്കും പറയാനുണ്ട്.
ആർപ്പുവിളി,
ആഘോഷം
ഇതൊന്നും സാധാരണക്കാർക്ക് മനസ്സിലാവുന്ന കാര്യങ്ങളല്ല. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളാപ്പള്ളി നടേശനെ മാറ്റി എന്നു കാണുമ്പോൾത്തന്നെ അവിടെ എന്തോ കൊള്ളയോ കവർച്ചയോ നടത്തിയെന്ന തോന്നലാകാം ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആളുകൾ അറിയാൻ അവസരം കിട്ടിയില്ല. പല കാരണങ്ങളാലും വെള്ളാപ്പള്ളി നടേശന്റെ പതനം ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ശുദ്ധമായ അസൂയ മുതൽ കഠിനമായ ചിത്തഭ്രമം വരെ പല കാരണങ്ങളുണ്ട്. ഇവരെല്ലാവരും ഒറ്റക്കെട്ടായി, ഇതാ വെള്ളാപ്പള്ളി നടേശന് വലിയൊരു പരാജയമുണ്ടായി പതനം സംഭവിച്ചിരിക്കുന്നു; അദ്ദേഹത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് കോടതി നീക്കം ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് ആർപ്പുവിളിക്കുകയും പടക്കം പൊട്ടിക്കുകയും സമൂഹ മാദ്ധ്യമങ്ങളിൽ ആഘോഷ പ്രകടനം നടത്തുകയും ചെയ്തു.
എല്ലാവർക്കും അറിയാം, ഇതൊരു സിംഗിൾ ജഡ്ജിയുടെ ഉത്തരവാണ്, ഇതിനു പുറത്ത് ഡിവിഷൻ ബെഞ്ചിൽത്തന്നെ അപ്പീൽ കൊടുക്കാൻ വകുപ്പുണ്ട്, അതുകഴിഞ്ഞാൽ സുപ്രീംകോടതിയുണ്ട് എന്നൊക്കെ. ആഹ്ളാദിക്കുന്നവർക്കുമറിയാം ഇന്നല്ലെങ്കിൽ നാളെ സ്റ്റേ ഉണ്ടാകുമെന്ന്. പക്ഷേ ആഹ്ളാദിച്ചവർ അതിരുകടന്ന് ആഹ്ളാദിച്ചു. കാരണം പിറ്റേദിവസം ആഹ്ളാദിക്കാൻ പറ്റുമോയെന്ന് അറിയില്ലല്ലോ! അതുകൊണ്ട് കിട്ടിയ ഒരു നിമിഷത്തിൽ ആഹ്ളാദം പൊടിപൊടിച്ചു. സ്വപ്‌നരാജ്യത്തിൽ എന്തിന് അർദ്ധരാജ്യം? ഒരു മിനിറ്റെങ്കിൽ ഒരു മിനിറ്റ് ഒന്നു സന്തോഷിക്കാമല്ലോ.
വെള്ളാപ്പള്ളി നടേശന്റെ വാദങ്ങളൊക്കെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. വേനലവധി കഴിഞ്ഞ് കോടതി തുറന്നതിനു ശേഷം ജൂണിൽ വിശദമായ വാദം കേൾക്കുകയും അന്തിമമായ വിധി കല്പിക്കുകയും ചെയ്യും. വരവ്- ചെലവ് കണക്കുകൾ സമയത്തിന് കൊടുക്കാൻ പറ്റാതെ പോയത് കേവലം ഒരു വീഴ്ചയാണോ, അതോ വലിയ ഉപേക്ഷയുണ്ടായോ എന്നൊക്കെയുള്ള കാര്യങ്ങൾ അപ്പോൾ പരിഗണിക്കും. മാത്രമല്ല 'ഡിൻ നമ്പർ" അടക്കമുള്ള കാര്യങ്ങളിലും തീരുമാനമുണ്ടാകും. അസ്സൽ രേഖകളെല്ലാം കോടതികളുടെ പരിഗണനയിലായിരുന്നതുകൊണ്ടാണ് സമയത്തിന് ഹാജരാക്കാൻ കഴിയാതെ പോയത് എന്ന കാരണവും ആ സമയത്ത് പരിഗണിക്കും. ന്യായമായ തീർപ്പുണ്ടാകുമെന്ന് നമുക്ക് വിചാരിക്കാം.
തലവേദനയ്ക്ക്
തല വെട്ടണോ?
വരവ്- ചെലവ് കണക്കുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന ഒരു വീഴ്ചയുണ്ടെന്ന് സമ്മതിച്ചാൽപ്പോലും അതിലേക്ക് നയിച്ച കാരണങ്ങൾ കോടതിക്ക് ബോദ്ധ്യപ്പെടുകയോ ബോദ്ധ്യപ്പെടാതിരിക്കുകയോ ചെയ്താൽപ്പോലും ഇത്രയും കൊല്ലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിൽ പെട്ടെന്നൊരു ദിവസം ഭാരവാഹികളെ നീക്കിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കും. അത് യോഗത്തിന്റെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കും. അതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുമുണ്ട്. എസ്.എൻ.ഡി.പി യോഗം വെറുമൊരു സംഘടന അല്ലല്ലോ. അനുബന്ധമായി നിരവധി സ്ഥാപനങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം. ആ സ്ഥാപനങ്ങളുടെയൊക്കെ പ്രവർത്തനം ഒറ്റയടിക്ക് അവതാളത്തിലാക്കുന്ന തീരുമാനമാണ് ഉണ്ടായത്.
കോടതി വിധി കല്പിക്കുമ്പോൾ, ഈ കേസിലല്ല; മറ്റ് ഏതു കേസിലാണെങ്കിലും പാലിക്കേണ്ട ഒരു മിനിമം ജാഗ്രതയുണ്ട്. ഈ വിധികൊണ്ട് എന്ത് പോരായ്മയാണ് നമ്മൾ പരിഹരിക്കാൻ ശ്രമിക്കുന്നത്? കണക്ക് ഹാജരാക്കാത്തത് പോരായ്മ തന്നെ. എന്നാൽ അതിനേക്കാൾ വലിയൊരു അപകടമാണ് ഈ വിധികൊണ്ട് ഉണ്ടാകാൻ പോകുന്നത്. യോഗത്തിന്റെ ഭരണസമിതി തന്നെ ഇല്ലാതാകുകയാണ്. തലവേദനയുടെ ചികിത്സയ്ക്ക് തല വെട്ടിക്കളയുന്നതു പോലെ ഭരണസമിതിയെ നീക്കം ചെയ്യൽ ഏറ്റവും അവസാനത്തെ ഘട്ടമാണ്- സഹകരണ ബാങ്കിലെ ഭരണസമിതിയെ പിരിച്ചുവിടുന്നതു പോലെ. പിന്നെ ആൾക്കാർക്ക് വായ്പ കിട്ടാൻ വകയില്ലാത്ത അവസ്ഥ വരും.
വിധി ക്ഷണികം;
സന്തോഷവും
വിധി ക്ഷണികമാണ്. സന്തോഷവും ക്ഷണികമെന്നറിയാമെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ആഘോഷ പരിപാടികൾ നടത്തിയ ആളുകൾ സത്യത്തിൽ സമുദായത്തിന്റെ ശ്രേയസിനു വേണ്ടിയോ, ഐശ്വര്യത്തിനു വേണ്ടിയോ ഒന്നുമല്ല അത് നടത്തിയത്. വെള്ളാപ്പള്ളി നടേശൻ എന്ന വ്യക്തിക്ക് 89 വയസുള്ള സമയത്ത് ഇതുപോലൊരു തിരിച്ചടിയുണ്ടായല്ലോ എന്നു കരുതി ആഹ്ളാദിച്ചതാണ്. ചിലരൊക്കെ പറഞ്ഞു- ''ഈ വിധി ഇന്നല്ലെങ്കിൽ നാളെ സ്റ്റേ ചെയ്യപ്പെട്ടേക്കാം. എന്നാൽപ്പോലും ഞങ്ങൾ ഇപ്പോൾ സന്തോഷിക്കുകയാണ്!"" അതിൽ നിന്നുതന്നെ അവരുടെ മനോഭാവം വ്യക്തം.
സന്യാസിയുടെ
വേലകൾ
എനിക്ക് ഏറ്റവും കൗതുകകരമായി തോന്നിയത് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് നടത്തിയ അഭിപ്രായപ്രകടനമാണ്. സ്വാമി സച്ചിദാനന്ദ ഈ വിധിയെ സർവാത്മനാ സ്വാഗതം ചെയ്തുവെന്നു മാത്രമല്ല, യോഗം ജനറൽ സെക്രട്ടറിയെക്കുറിച്ച് ഒട്ടും അഭിനന്ദനപരമല്ലാത്ത പരാമർശങ്ങൾ നടത്തുകയും ചെയ്തു. പരാമർശങ്ങൾനടത്തിയത് സി.കെ. വിദ്യാസാഗറോ, ഗോകുലം ഗോപാലനോ ആണെങ്കിൽ മനസ്സിലാക്കാം. അല്ലെങ്കിൽ 'ഈഴവ ബ്രാഹ്മണരാ"യിട്ടുള്ള ചില നേതാക്കന്മാരുണ്ട്. വരേണ്യവിഭാഗത്തിന് ഓശാന പാടുന്ന ആളുകൾ. അവരാണെങ്കിലും മനസ്സിലാക്കാം.
'ചിത്തമാം വലിയ വൈരി കീഴമർന്നത്തൽ തീർന്ന യതി" ആയിട്ടുള്ള നമ്മുടെ സ്വാമി ഇങ്ങനെ ലൗകികമായ കാര്യങ്ങളെ കുറിച്ച് ഇതുപോലൊരു അഭിപ്രായപ്രകടനം നടത്തിയത് കേട്ടപ്പോൾ കൗതുകം തോന്നി. മാത്രമല്ല സ്വാമിയുടെ സമീപകാലത്തെ പ്രവൃത്തികൾ, പ്രത്യേകിച്ച് കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കുന്നത് പോലെയുള്ള ജോലികൾ ഏറ്റെടുത്തുവെന്നത് രസകരമാണ്. സ്വാമിയുടെ ശുപാർശ പ്രകാരം മുല്ലപ്പള്ളി രാമചന്ദ്രനോ, കെ. സുധാകരനോ, അടൂർ പ്രകാശിനോ സ്ഥാനാർത്ഥിത്വം കിട്ടിയെങ്കിൽ പിന്നെയും കൊള്ളാമായിരുന്നു. അതും ഉണ്ടായില്ല. ഇങ്ങനെ സ്ഥാനത്തും അസ്ഥാനത്തും ഇടപെടുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്ത് അപഹാസ്യമാകുന്ന നിലയിലേക്ക് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് എത്തിയെന്നതാണ് വിചിത്രമായ കാര്യം. ഇത് സ്വാമി സച്ചിദാനന്ദയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി തിരുത്തിപ്പറയുകയും ചെയ്യുന്ന അവസ്ഥയെ കലികാലം എന്നല്ലാതെ എന്താണ് പറയുക!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |