
കൊച്ചി: പ്രായപൂർത്തിയായ മക്കൾക്ക് ആത്മീയ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് തടയാൻ മാതാപിതാക്കൾക്ക് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കില്ല. മക്കളെ ആരെങ്കിലും ശാരീരികമായി നിയന്ത്രണത്തിലാക്കുകയോ അതിനുള്ള സാദ്ധ്യത നിലനിൽക്കുകയോ ചെയ്യുന്ന സാഹചര്യത്തിലേ ഹേബിയസ് കോർപ്പസ് ഹർജി അനുവദിക്കുകയുള്ളൂവെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിശദീകരിച്ചു. സന്യാസിനീ സമൂഹം മക്കളെ വിശ്വാസപരമായി തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് തൃശൂർ സ്വദേശികളായ മൂന്ന് രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തള്ളിയാണ് കോടതി നിരീക്ഷണം.
മക്കളുടെ തീരുമാനത്തിൽ മാതാപിതാക്കൾക്ക് വിഷമമുണ്ടാകാമെങ്കിലും പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലികാവകാശമാണ്. മാതാപിതാക്കൾക്ക് മക്കളെ ഉപദേശിക്കാം എന്നല്ലാതെ, അവരുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറാനാകില്ല. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വാസ പാത തിരഞ്ഞെടുത്തതെന്ന് യുവതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹേബിയസ് കോർപ്പസ് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |