
തിരുവനന്തപുരം: എം.ബി.ബി.എസ് കോഴ്സിൽ നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കിയാൽ മതിയെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് ബാധകമാണിത്. നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്നും അധികം വാങ്ങിയ അരവർഷത്തെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. നിലവിലെ വിദ്യാർത്ഥികൾക്കും ഇനി പ്രവേശനം നേടുന്നവർക്കും ഇത് ബാധകമായിരിക്കും. ഇതുപ്രകാരം ഫീ റഗുലേറ്ററി കമ്മിറ്റി ഫീസ് പുതുക്കി നിശ്ചയിക്കും. നാലര വർഷത്തെ (54 മാസം) അക്കാഡമിക് പഠനവും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് എം.ബി.ബി.എസിനുള്ളത്. പഠന കാലയളവിലേക്ക് മാത്രം ഫീസ് വാങ്ങാനേ അനുവദിക്കൂ എന്നാണ് കമ്മിഷന്റെ നിലപാട്. നിലവിലെ വിദ്യാർത്ഥികൾ അവസാന വർഷത്തെ ഫീസിന്റെ പകുതി നൽകിയാൽ മതിയാവും. മുൻ വർഷം വാങ്ങിയ അധിക ഫീസ് കുട്ടികൾക്ക് തിരികെ നൽകുന്നത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും. ഫീസ് തിരികെ നൽകണമെന്ന മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശത്തിനെതിരേ കോലഞ്ചേരി മലങ്കര മെഡി. കോളേജ് ഹൈക്കോടതിയിൽ നിന്ന് 3 മാസത്തെ സ്റ്റേ നേടിയിട്ടുണ്ട്. 19 സ്വാശ്രയ കോളേജിൽ 2745സീറ്റുകളാണുള്ളത്. ഇവിടങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് 3.3ലക്ഷം മുതൽ 4ലക്ഷം വരെ അധികമായി വാങ്ങിയിട്ടുണ്ട്. ചില കോളേജുകൾ അഞ്ചരവർഷത്തെ ഫീസും ഈടാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |