
കൊച്ചി: ഐ.എച്ച്.ആർ.ഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം 58ൽ നിന്ന് 60ലേക്ക് ഉയർത്തിയത് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
2025 മേയ് 28നാണ് ഐ.എച്ച്.ആർ.ഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ 2025 ആഗസ്റ്റ് 13 മുതലാണ് ഇതിന് പ്രാബല്യം നൽകിയത്. ഇതിനിടയിലുള്ള കാലയളവിൽ വിരമിച്ചവർക്കും സർക്കാർ തീരുമാനത്തിന്റെ ആനുകൂല്യം നൽണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ സ്ഥാനക്കയറ്റം തടസപ്പെട്ട മറ്റ് ജീവനക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്ന തീയതി നിശ്ചയിക്കാനുള്ള സർക്കാരിന്റെ അധികാരത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. സിംഗിൾ ബെഞ്ച് വിധി പ്രകാരം ജോലിയിൽ തിരികെ പ്രവേശിച്ചവർ കൈപ്പറ്റിയ ശമ്പളത്തിന്റെ കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാം. മറ്റ് സർവീസ് ആനുകൂല്യങ്ങൾക്ക് ഇക്കാലയളവ് പരിഗണിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |