
തിരുവനന്തപുരം: കേരളം എന്ന് പേരുമാറ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി അധിക സാമ്പത്തിക ബാദ്ധ്യതയോ, പാഴ്‌ച്ചെലവുകളോ ഉണ്ടാകാൻ പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. നിലവിലുള്ള ലെറ്റർ ഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവയിൽ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തിയാൽ മതി. സ്‌റ്റോക്ക് ഉപേക്ഷിക്കുകയോ പുതിയത് അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡ്, കോർപ്പറേഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളും നെയിം ബോർഡുകളിലും അച്ചടിച്ച രേഖകളിലും കേരളം എന്ന് പേരു മാറ്റണം. കേരള എന്ന രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക മുദ്രകൾ, റബർ സ്റ്റാമ്പുകൾ, സമാന ഉപകരണങ്ങൾ എന്നിവ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാം. ആവശ്യമായതും പ്രായോഗികവുമായ സാഹചര്യങ്ങളിൽ മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താം. പുതിയ മുദ്രകൾ തയ്യാറാക്കേണ്ടതില്ല.
നിലവിലുള്ള സൈൻബോർഡുകൾ, ഓഫീസ് നെയിം ബോർഡുകൾ, മൈൽ സ്‌റ്റോണുകൾ, ദിശാസൂചിക ബോർഡുകൾ മറ്റ് ബോർഡുകൾ എന്നിവ മാറ്റി സ്ഥാപിക്കേണ്ടതില്ല. സാങ്കേതികമായി സാദ്ധ്യമായിടത്ത് ഇംഗ്ളീഷിൽ 'M" എന്ന അക്ഷരവും മലയാളത്തിൽ 'അം" അടയാളവും ചേർത്ത് കേരളം എന്നാക്കി മാറ്റണം. ഫർണിച്ചർ, വാഹനങ്ങൾ, ഉപകരണങ്ങൾ, സ്‌റ്റേഷനറി, പ്രസിദ്ധീകരണങ്ങൾ, സർക്കാർ സ്വത്തുക്കൾ എന്നിവയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടതില്ല. ഭരണപരമായ നിർബന്ധിത സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഇവയിൽ മാറ്റം വരുത്താവൂ.
ഇനിമുതൽ കേരളം മാത്രം
ഇനി നടത്തുന്ന എല്ലാ അച്ചടിജോലികളിലും ബോർഡുകളിലും കേരളം എന്നാണ് ഉപയോഗിക്കേണ്ടത്. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും സാമഗ്രികൾ മാറ്റി സ്ഥാപിച്ചാൽ അത്തരം ചെലവുകൾ അനുവദിക്കേണ്ടതില്ല. സംസ്ഥാനനാമത്തിലെ മാറ്റം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |