കൊച്ചി: തൃശൂർ അയ്യന്തോളിൽ ലുലു മാൾ നിർമ്മിക്കാൻ ഏറ്റെടുത്ത ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് കമ്പനി നൽകിയ അപേക്ഷ പുനഃപരിശോധിച്ച് നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി റവന്യൂ അധികാരികളോട് നിർദ്ദേശിച്ചു. ഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ഭൂമി ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയ ആ.ഡി.ഒയുടെ നടപടി റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ച് ശരിവച്ചു. നടപടിക്ക് മുമ്പ് കൃഷി ഓഫീസറുടെ റിപ്പോർട്ട് തേടണമെന്ന ചട്ടം ആർ.ഡി.ഒ പാലിച്ചില്ലെന്ന് വിലയിരുത്തിയാണിത്.
ലുലു സമർപ്പിച്ച അപേക്ഷയിൽ കൃഷി ഓഫീസർ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഈ റിപ്പോർട്ടും കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ റിപ്പോർട്ട്, മറ്റു തെളിവുകൾ എന്നിവയും പരിശോധിച്ച് ആർ.ഡി.ഒ അടുത്ത 30 ദിവസത്തിനകം തീരുമാനമെടുക്കണം.
തരംമാറ്റ വിഷയത്തിൽ വ്യക്തത വന്ന ശേഷം കളക്ടർക്ക് ഉചിതമായ തുടർനടപടി സ്വീകരിക്കാം. ഇത് കൃഷിഭൂമിയാണെന്ന് പരാതിയുന്നയിച്ച വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദന്റെ വാദങ്ങളും ആർ.ഡി.ഒ കേൾക്കണമെന്ന് ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |