
കാസർകോട്: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം ഇന്ന് വീടുകളിലെത്തും.
ഇന്നലെ രാവിലെ അതിർത്തി കടന്ന സംഘം ഉത്തർപ്രദേശിലെ ഗൊരഖ്പുർ വിമാനത്താവളത്തിലെത്തി. ഗൊരഖ്പുരിൽ നിന്നും ഉച്ചയ്ക്ക് 2.50നുള്ള വിമാനത്തിൽ ബംഗളൂരുവിലേക്ക് തിരിച്ചു. കാസർകോട് നിന്നുള്ളവർ ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ ഇന്ന് രാവിലെ നാട്ടിലെത്തും.
എറണാകുളം, തൃശൂർ ജില്ലകളിലുള്ളവർ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തും.
നേപ്പാൾ അതിർത്തിയിൽ നിന്നും നൂറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് ട്രാവലറിൽ ഇവർ വിമാനത്താവളത്തിൽ എത്തിയത്.പെരിയ പോളിടെക്നിക്കിലെ അദ്ധ്യാപകനും ചെറുവത്തൂർ സ്വദേശിയുമായ രാജൻ, അദ്ധ്യാപകനും എഴുത്തുകാരനുമായ അനിൽ നീലാംബരി, മുൻ എസ്.ഐ പ്രദീപ് കുമാർ, കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ എം.കരുണാകരൻ, മുഴക്കോം സ്വദേശി രാജീവൻ എന്നിവരാണ് കാസർകോട് നിന്നുള്ള യാത്രാസംഘത്തിലുള്ളത്. പയ്യന്നൂർ സ്വദേശിയായ രണ്ടു വനിതകൾ അടക്കം കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്.
യാത്ര കൊടുംകാട്ടിലൂടെ
എറണാകുളത്തെ ഒരു ട്രാവൽ ഏജൻസി വഴി ഈ മാസം 23 നാണ് 36 പേർ നേപ്പാളിലേക്ക് വിനോദയാത്ര പോയത്. സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 25 ന് കാഠ്മണ്ഡുവിൽ എത്തിയ ഇവർ അവിടെ തുടരുകയായിരുന്നു. കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി മിന്നൽപ്രളയം ഉണ്ടായത്. തുടർന്ന്, മറ്റൊരു വഴിയിലെ കൊടുംകാട്ടിലൂടെയാണ് ഇവർ യാത്ര തുടർന്നത്. വെളിച്ചം പോലുമില്ലാത്ത കാട്ടിൽ മണിക്കൂറുകളോളമാണ് സംഘം ചെലവഴിച്ചത്. വാഹനത്തിൽ ബാക്കിയുണ്ടായിരുന്ന ആപ്പിൾ കഴിച്ചാണ് വിശപ്പടക്കിയത്. ഒടുവിൽ അതിർത്തി കടന്നപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് സംഘാംഗമായ അനിൽ നീലാംബരി പറഞ്ഞു.
എവിടെ അവർ?
കാണാതായവരെ തേടി ബന്ധുക്കൾ ആശുപത്രികളിലും ദുരന്തമേഖലകളിലും കണ്ണീരോടെ അലയുകയാണ്. നുവാകോട്ടിലെ കരസേനാ ക്യാമ്പിനു മുന്നിൽ ഉറ്റവരെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിന് പേരാണ് എത്തുന്നത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹെലികോപ്റ്ററുകൾ ഓരോ തവണ അവിടേക്ക് വരുമ്പോഴും കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം. ഇല്ലെന്നു അറിയുമ്പോൾ തോരാക്കണ്ണീർ.
പ്രകീർത്തിച്ച് നേപ്പാൾ
ഇന്ത്യയുടെ സഹായങ്ങളെ നേപ്പാൾ പ്രസിഡന്റ് രാമചന്ത്ര പൗദെൽ പ്രകീർത്തിച്ചു. ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. 'അസാധാരണമാം വിധം ഉദാരമെന്ന്' നേപ്പാൾ ധനകാര്യമന്ത്രി സ്വർണിം വാഗ്ലെ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |