
ന്യൂഡൽഹി: ജൂൺ 30ന് നടന്ന യു.ജി.സി നെറ്റ് പരീക്ഷയിലെ സോഷ്യോളജി ചോദ്യപേപ്പറിൽ തെറ്രുകളുടെ ഘോഷയാത്ര. ലോകപ്രശസ്‌ത സാമൂഹിക ശാസ്ത്രജ്ഞരുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പേരുകൾ പോലും തെറ്റ്. ചോദ്യപേപ്പർ കണ്ട് ഞെട്ടിയ പരീക്ഷാർത്ഥികൾ, വ്യാപക പരാതികളുമായി രംഗത്തെത്തി. സാമൂഹിക ശാസ്ത്രജ്ഞനായിരുന്ന എ.ആർ. ദേശായിയുടെ ഇനിഷ്യൽ എ.കെ. ദേശായിയെന്നാണ് ചോദ്യപേപ്പറിൽ. ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ദ്ധൻ ജി.എസ്. ഘുര്യെയെ 'ഘുന്യെ" ആക്കി. അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞനായ ജോർജ് റിറ്റ്സെറിന്റെ പേര് 'പുറ്റ്സെർ"എന്നും, മറ്റൊരു അമേരിക്കൻ സോഷ്യോളജിസ്റ്റ് ടൽകോട്ട് പർസൺസിന്റെ പേര് 'പർസോ" എന്നും, അമേരിക്കൻ തത്വചിന്തകൻ മാർത്താ നസ്ബാമിനെ 'നസ്‌ബൗട്ട്" എന്നും ചോദ്യപേപ്പറിൽ രേഖപ്പെടുത്തി. അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും ആവോളം. ഒരു ചോദ്യത്തിൽ 'സോഷ്യൽ" എന്ന വാക്ക് 'ഓവൽ" എന്നാണ്. സിലബസിന് പുറത്തുനിന്നും ചോദ്യങ്ങളുണ്ടായെന്ന് പരീക്ഷാർത്ഥികൾ ചൂണ്ടിക്കാട്ടി.
എ.ഐ ചോദ്യമോ?
ഇത് എ.ഐ ജനറേറ്രഡ് ചോദ്യപേപ്പറാണോ എന്നാണ് സംശയം. ചോദ്യമെന്താണെന്ന് മനസിലാക്കാനാണ് പകുതിയോളം സമയം ചെലവഴിച്ചതെന്നും പരീക്ഷാർത്ഥികൾ പറഞ്ഞു. തെറ്രുകൾ ചൂണ്ടിക്കാട്ടിയ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇംഗ്ലീഷ് പേപ്പറിൽ 2024ലെ ഭൂരിഭാഗം ചോദ്യങ്ങളും ആവർത്തിച്ചിരിക്കുകയാണ്. ഉത്തരം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളുടെ ക്രമം പോലും അതേപടിയാണെന്ന് പരീക്ഷയെഴുതിയവർ പറയുന്നു.
ഉത്തരസൂചിക വരട്ടെ
പരാതികൾ പരിശോധിക്കുമെന്ന് പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. തെറ്രായ ചോദ്യങ്ങളാണെങ്കിൽ ഒഴിവാക്കുന്ന നടപടി മുൻപും എടുത്തിട്ടുണ്ട്. ഉത്തരസൂചിക പുറത്തുവിടുമ്പോൾ പരീക്ഷാർത്ഥികൾക്ക് തെറ്റുകൾ വ്യക്തമായി ചൂണ്ടിക്കാണിക്കാൻ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |