തിരുവനന്തപുരം: പ്രശസ്ത മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി മുൻ ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായിരുന്ന എൻ.ആർ.എസ്. ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി. പട്ടം വൃന്ദാവൻ കോളനിയിലെ വസതിയിലും പ്രസ് ക്ലബിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലിയർപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വി.ജോയി എം.എൽ.എ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, സി.പി.ജോൺ, പി.സി.വിഷ്ണുനാഥ്, മുൻ മന്ത്രി സി.ദിവാകരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എ.എ. റഹീം എം.പി, എ.സമ്പത്ത്, കേരള ദളിത് ഫെഡറേഷൻ പ്രസിഡന്റ് പി.രാമഭദ്രൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. കേരളകൗമുദിക്കുവേണ്ടി യൂണിറ്റ് ചീഫ് എസ്.വിക്രമൻ റീത്ത് സമർപ്പിച്ചു. പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം മുൻ ഡയറക്ടർ കൂടിയായ എൻ.ആർ.എസ്. ബാബുവിന് അന്ത്യോപചാരമർപ്പിക്കാൻ പത്രപ്രവർത്തനരംഗത്തെ ശിക്ഷ്യരടക്കം നിരവധിപേർ എത്തിയിരുന്നു.
സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. ദീർഘകാലമായി രോഗബാധിതനായിരുന്ന എൻ.ആർ.എസ് ബാബു പട്ടം വൃന്ദാവൻ കോളനിയിലെ വസതിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |