SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

വഴിതെറ്റിപ്പോയവർ തെറ്റുകൾ തിരുത്തണം: പിണറായി, കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കൈയിലെ കോടാലിയായി

READ ENGLISH VERSION
pinarayi

കണ്ണൂർ: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂർ മണ്ഡലത്തിലുണ്ടായ പരാജയത്തിൽ പാർട്ടിക്കുള്ളിൽ നിന്നുണ്ടായ ശത്രുതാപരമായ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പയ്യന്നൂരിലും മാത്തിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1965-ൽ പയ്യന്നൂർ മണ്ഡലം രൂപീകൃതമായതിന് ശേഷം 2021 വരെയുള്ള 15 തിരഞ്ഞെടുപ്പുകളിലും സി.പി.എം മാത്രമാണ് വിജയിച്ചിട്ടുള്ളത്. 1996-ൽ താൻ മത്സരിച്ചപ്പോഴും വലിയ വിജയമാണ് നേടിയത്. 2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷവും പയ്യന്നൂർ ചുവപ്പ് കോട്ടയായി തുടർന്നു.

ഈ തിരഞ്ഞെടുപ്പിൽ നേതൃത്വത്തിൽ ഉണ്ടായിരുന്നവർ ശത്രുക്കളുമായി ചേരുകയും അവരെ ഉപയോഗിച്ച് പാർട്ടിക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തു. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തൊക്കെ ചെയ്യാൻ പാടില്ലാത്തതുണ്ടോ അതൊക്കെ ചെയ്തു.

ശത്രുവിന്റെ കൈയിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറി. തെറ്റ് ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കടുത്ത നടപടി പാർട്ടി സ്വീകരിക്കുന്നത് പതിവാണ്.ചെറിയ തോതിൽ വഴിതെറ്റിപ്പോയവരെല്ലാം തെറ്റുകൾ തിരുത്തി വീണ്ടും പാർട്ടിയോടൊപ്പം അണിനിരക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

യു.ഡി.എഫ് ആർ.എസ്.എസിനെ പ്രീണിപ്പിക്കാനുള്ള തത്രപ്പാടിൽ

പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യു.ഡി.എഫ് സർക്കാരിനെന്നും പിണറായി വിജയൻ ആരോപിച്ചു. ഭരണമാറ്റം സംഭവിച്ചാലും കേരളത്തിലെ പൊതുരീതിയിൽ മാറ്റം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. ആർ.എസ്.എസ് പൂർണമായി ചൊല്ലാറുള്ള വന്ദേ മാതരം മന്ത്രിസഭ സത്യപ്രതിജ്ഞയിൽ തന്നെ ചൊല്ലി. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങൾ വേണമെന്നത് ആർ.എസ്.എസ് അജണ്ടയായിരുന്നു. ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം കൊണ്ടുവന്നതാണ്. ഭരണം മാറിയതോടെ അത് തകിടം മറഞ്ഞു. അമുസ്ലിങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാം എന്ന് യു.ഡി.എഫ് കോടതിയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് തോന്നിയ പോലെ കാര്യങ്ങൾ ചെയ്യുന്ന ഗവർണർക്കെതിരെ സർക്കാർ ശബ്ദിക്കുന്നില്ല. രണ്ടാം എൽ.ഡി.എഫ് സർക്കാരിനെതിരെ പ്രതിപക്ഷവും വലതുപക്ഷ മാദ്ധ്യമങ്ങളും സംഘടിത നീക്കം നടത്തിയെന്നും വിമർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA