SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

വാഹനം പരിശോധിച്ചവർക്ക് ഗുഡ് സർവീസ് എൻട്രി

READ ENGLISH VERSION
shafeen
ഷെഫീൻ അഹമ്മദ്

തിരുവനന്തപുരം: തിരുവനന്തപുരം തകരപ്പറമ്പിൽ അർദ്ധരാത്രി തൻ്റെ സ്വകാര്യവാഹനം തടഞ്ഞ്, മദ്യപിച്ചിട്ടുണ്ടോയെന്ന് ബ്രത്ത് അനലൈസറിൽ ഊതിച്ച പൊലീസുകാർക്ക് ഗുഡ്സർവീസ് എൻട്രിയും ക്യാഷ് റിവാർഡും നൽകിയിട്ടുണ്ട് ഷെഫീൻ അഹമ്മദ്.

അന്ന് ബറ്റാലിയൻ ഡി.ഐ.ജിയായിരുന്നു. 2018ആഗസ്റ്റ് 27നായിരുന്നു സംഭവം. വഞ്ചിയൂർ സ്‌റ്റേഷനിലെ എ.എസ്.ഐ എസ്.എസ്. ജയകുമാർ, സി.പി.ഒ മാരായ അജിത്, അനിൽ എന്നിവരായിരുന്നു വാഹനപരിശോധന നടത്തിയത്. പതിവ് ചോദ്യങ്ങൾക്കുശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ ഊതിച്ചു. മെഷീനിൽ നിന്ന് ബീപ് ശബ്ദം കേട്ടില്ല. വാഹനം പരിശോധിച്ച് വണ്ടിയുടെ നമ്പറും പേരും ഫോൺനമ്പറും ചോദിച്ചു.

അപ്പോഴാണ്, ഊതിച്ചത് ഡി.ഐ.ജിയെയാണെന്ന് തിരിച്ചറിഞ്ഞത്. സല്യൂട്ട് നൽകി സോറി പറഞ്ഞപ്പോൾ, 'നിങ്ങൾ ഡ്യൂട്ടിയല്ലേ ചെയ്തത്' എന്നുപറഞ്ഞ് ഫോൺനമ്പറും നൽകി ഡി.ഐ.ജി മടങ്ങി. പിറ്റേന്ന് ബറ്റാലിയൻ ഡി.ഐജിയുടെ ഓഫീസിൽ നിന്ന് വഞ്ചിയൂർ സ്റ്റേഷനിലേക്ക് വിളിച്ച് നൈറ്റ് പട്രോളുകാരെക്കുറിച്ച് തിരക്കി. മൂന്ന് പൊലീസുകാരും സസ്പെൻഷൻ ഉറപ്പിച്ചു. പക്ഷേ, മൂവർക്കും നൽകിയത് 500രൂപയുടെ ക്യാഷ് റിവാർഡും ഗുഡ് സർവീസ് എൻട്രിയും. ഷെഫീനാണ് അതെല്ലാം സമ്മാനിച്ചത്.നിയമപാലനത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു.പ്രൊഫഷണലിസമായിരുന്നു മുഖമുദ്ര. ആർഭാടങ്ങളില്ലാത്ത ജീവിതം. 2025-ലാണ് ക്യാൻസർ സ്ഥിരീകരിച്ചത്. രോഗമുക്തനായി തിരിച്ചെത്തിയെങ്കിലും നാല് മാസം മുൻപ് വീണ്ടും വഷളായി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിദഗ്ധചികിത്സ.

5വർഷം ഡെപ്യൂട്ടേഷൻ പൂർത്തിയായപ്പോൾ അദ്ദേഹത്തെ കേരള കേ‌ഡറിലേക്ക് മാറ്റണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയുണ്ടായെങ്കിലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. കേരളത്തിൽ സേവനം ആവശ്യമാണെന്നായിരുന്നു ശുപാർശ. ഒഡിഷയിലേക്ക് മടക്കി അയയ്ക്കാനായിരുന്നു കേന്ദ്രനിർദ്ദേശം.

സമൂഹമാദ്ധ്യമത്തിൽ ഒഡീഷ പൊലീസിൻ്റെ അനുശോചനക്കുറിപ്പ് ഇങ്ങനെ: "കട്ടക്ക് സി.ഐ.ഡി ക്രൈംബ്രാഞ്ച് ഐ.ജി. ഷെഫീൻ അഹമ്മദിന്റെ വേർപാടിൽ അനുശോചിക്കുന്നു. 2003 ബാച്ചിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനായിരുന്നു. സമർപ്പണബോധത്തോടും സത്യസന്ധതയോടും പ്രൊഫഷണലിസത്തോടും കൂടിയാണ് സേവനമനുഷ്ഠിച്ചത്. സൈബർ ക്രൈം അന്വേഷണരംഗത്തെ വിലമതിക്കാനാവാത്ത സംഭാവനകൾ ആദരവോടെ ഓർമ്മിക്കപ്പെടും. "

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA