
തൃശൂർ: മഴമേഘങ്ങളെ പോലും വിറപ്പിച്ച് ശക്തന്റെ തട്ടകത്തിൽ വർണ്ണപ്പുലികളുടെ വിളയാട്ടം. അരയും തലയും മുറുക്കി കുമ്പകുലുക്കി കരിമ്പുലികളും വരയൻപുലികളും പുള്ളിപ്പുലികളും നഗരത്തിലെത്തിയപ്പോൾ കാണാനെത്തിയവരും ആവേശത്തിലായി. പെൺപുലികളും കുട്ടിപ്പുലികളും മേഞ്ഞുനടന്നതോടെ പുലിത്താളം മുറുകി. ഒപ്പം കൗതുകവും വിസ്മയവും നിറച്ച് നിശ്ചലദൃശ്യങ്ങളും. രാവിലെ മുതൽ പെയ്ത മഴ പുലികളിയുടെ നിറംകെടുത്തുമെന്ന് കരുതിയെങ്കിലും പുലികൾ മടകളിൽ നിന്നിറങ്ങുമ്പോഴേക്കും മഴമേഘങ്ങൾ മാറി. കുട്ടൻകുളങ്ങര ദേശമാണ് ആദ്യം സ്വരാജ് റൗണ്ടിലെത്തിയത്. ബിനി ഹെറിറ്റേജിന് മുമ്പിൽ മന്ത്രി ഒ.ജെ.ജനീഷ് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. എം.ജി റോഡ് വഴി ആറ് സംഘങ്ങളും ഷൊർണൂർ റോഡ് വഴി ഒരു സംഘവും വടക്കേ സ്റ്റാൻഡ് വഴി രണ്ട് സംഘങ്ങളും റൗണ്ടിലെത്തി.
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര എന്നിങ്ങനെ ഒമ്പത് സംഘങ്ങളാണ് ഇക്കുറിയുണ്ടായിരുന്നത്. ഓരോ സംഘത്തിലും 31 മുതൽ 51 വരെ പുലികളുണ്ടായിരുന്നു. അയ്യന്തോൾ ദേശത്തെ ആറാം ക്ലാസുകാരിയായ ആരാധ്യയെന്ന കുട്ടിപ്പുലി നയിക്കുന്നുവെന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.
പുലികളിയുടെ ഭാഗമായി കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. രാജൻ പല്ലൻ എം.എൽ.എ, കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |