
കൊച്ചി: യുവനടിയെ കാരവനിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്‌റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് എറണാകുളം സബ് ജയിലിൽ അടച്ചു. രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെന്നും ഒളിവിൽ പോകാൻ സഹായിച്ചവരെയും പ്രതിചേർക്കുമെന്നും പൊലീസ് അറിയിച്ചു.
തൊടുപുഴയിൽ നിന്ന് ചൊവ്വാഴ്‌ച രാത്രി പിടികൂടി കൊച്ചിയിലെത്തിച്ച രഞ്ജിത്തിനെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഇന്നലെ രാവിലെ ഹാജരാക്കുകയായിരുന്നു. കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസും ജാമ്യംതേടി രഞ്ജിത്തും സമർപ്പിച്ച അപേക്ഷകൾ എറണാകുളം ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്‌ക്കൽ വകുപ്പുകളാണ് ചുമത്തിയത്.
നടിയുടെ പരാതിയുടെയും മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു. കാരവനിൽ നിന്ന് നടി ഇറങ്ങിയോടിയതായി സാക്ഷിമൊഴികളും ലഭിച്ചു.
രഞ്ജിത്തിനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സംഭവദിവസം സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച രഞ്ജിത്തിനെ ജനറൽ ആശുപത്രിയിൽ പരിശോധിച്ച് സാരമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. തന്നെ തകർക്കാനുള്ള ശ്രമമാണെന്നും എല്ലാം തെളിയുമെന്നും രഞ്ജിത്ത് പറഞ്ഞു.
ഫെഫ്‌ക പുറത്താക്കി
രഞ്ജിത്തിനെ ഫെഫ്‌ക റൈറ്റേഴ്സ് യൂണിയനും ഡയറക്ടേഴ്സ് യൂണിയനും പുറത്താക്കി. നടിയുടെ പരാതി ഫെഫ്‌കയ്‌ക്ക് ലഭിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
മൂന്നാം പരാതി
രഞ്ജിത്തിനെതിരെ മുമ്പ് രണ്ടു പരാതികൾ പൊലീസിൽ ലഭിച്ചെങ്കിലും കോടതി തള്ളിയിരുന്നു. 2009ൽ പാലേരിമാണിക്യം സിനിമയുടെ ഓഡിഷന് എത്തിയപ്പോൾ ഫ്ളാറ്റിൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു ബംഗാളി നടിയുടെ പരാതി. കുറ്റപത്രം സമർപ്പിച്ചെങ്കിലും 2009ലെ സംഭവത്തിൽ കേസെടുക്കേണ്ട സമയപരിധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് റദ്ദാക്കി. ബംഗളൂരുവിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. 12 വർഷത്തിന് ശേഷം നൽകിയ പരാതിയിൽ വ്യക്തതയില്ലെന്ന് കണ്ടെത്തി കർണാടക ഹൈക്കോടതി കേസ് റദ്ദാക്കി.
തെളിവുകൾ ലഭിച്ചതിനാലാണ് അറസ്‌റ്റ്. കടുത്ത മാനസികവിഷമത്തിലായ നടി കൗൺസലിംഗ് നേടിയശേഷമാണ് പരാതി നൽകിയത്
അശ്വതി ജിജി.
ഡി.സി.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |