
പദ്ധതി കോൾഡ് സ്റ്റോറേജിൽ വയ്‌ക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ശബരി റെയിൽപ്പാതയുടെ പകുതി ചെലവായ 1900 കോടി വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് റെയിൽവേ ഹൈക്കോടതിയിൽ വ്യക്തമാക്കി. 3800 കോടിയാണ് ആകെ പദ്ധതിച്ചെലവ്. പദ്ധതി മരവിപ്പിച്ച തീരുമാനം പിൻവലിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കുമെന്നും സതേൺ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാബിൻ അസഫ് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു.
ശബരി റെയിൽ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ഫയൽ ചെയ്ത ഹർജിയിലാണ് വിശദീകരണം. തുടർന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കി. പദ്ധതി കോൾഡ് സ്റ്റോറേജിൽ വയ്‌ക്കരുതെന്നും വാക്കാൽ പരാമർശിച്ചു.
പദ്ധതിയുടെ വിശദമായ മാപ്പും അംഗീകൃത അലൈൻമെന്റും സംസ്ഥാന സർക്കാരിന് കൈമാറാൻ റെയിൽവേ ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കിഫ്ബിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ പദ്ധതിച്ചെലവ് വഹിക്കുമെന്നാണ് കേരളം കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |