
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്ന വോട്ടെണ്ണൽ മേയ് നാലിന്. എക്സിറ്റ് പോളുകളുടെ ഫലങ്ങൾ നാളെ വൈകിട്ട് 6.30 മുതൽ പുറത്ത് വിടും. ഭരണം തങ്ങൾക്കെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും. നിയമസഭയിൽ അക്കൗണ്ടില്ലാത്ത ബി.ജെ.പി, രണ്ടോ അതിലധികമോ സീറ്റ് നേടുമെന്ന് ഉറപ്പിക്കുന്നു.
എൽ.ഡി.എഫ് മൂന്നാമതും ഭരണത്തിലെത്തിയാൽ പഴയ ബംഗാൾ പ്രതാപത്തിന്റെ പ്രതിഫലനമാവും. മറിച്ചാണെങ്കിൽ ഇടത് പക്ഷത്തിന് തുടർ ഭരണം ലഭിച്ചതിന്റെ ദുഷിപ്പായി വിലയിരുത്തപ്പെടും. 75 നും 80 നും ഇടയിൽ സീറ്റാണ് എൽ.ഡി.എഫ് പ്രതീക്ഷ. പത്ത് വർഷം ഭരണത്തിന്റെ വരാന്തയിൽ ഇരിക്കേണ്ടി വന്നതിന്റെ ഗതികേടുമായി മത്സരത്തിനിറങ്ങിയ യു.ഡി.എഫിന് അധികാരത്തിൽ തിരിച്ചെത്താനായില്ലെങ്കിൽ പിന്നെ തല പൊക്കൽ പ്രയാസമാവും. കോൺഗ്രസിന് മാത്രമല്ല, ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും ഇത് നിലനില്പിന്റെ പോരാട്ടം. 85 സീറ്റുവരെ അവർ പ്രതീക്ഷിക്കുന്നു. നൂറിലേറെ സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം അന്തരീക്ഷത്തിലുണ്ട്.. നേരിയ മാർജിനിൽ അധികാരം കിട്ടിയാൽ വിജയത്തിന്റെ സൂത്രധാരനെന്ന നിലയ്ക്ക് സതീശന് വനവാസമൊഴിവാക്കാം. തോറ്റമ്പിയാൽ ഏറ്റവുമധികം പഴി കേൾക്കേണ്ടി വരുന്നതും അദ്ദേഹം തന്നെ.നേമത്തും കഴക്കൂട്ടത്തും ബി.ജെ.പി വിജയം ഉറപ്പിക്കുന്നു.
നാളത്തെ എക്സിറ്റ് പോൾ ഫലങ്ങളിലാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണ്.എക്സിറ്റ് പോൾ ഫലങ്ങൾക്ക് കൃത്യതയില്ലെങ്കിലും വോട്ടർമാരുടെ മനസ് എങ്ങോട്ടാണെന്ന് സൂചന അത് നൽകാറുണ്ട്.
വിജയഗാനങ്ങളുമായി മുന്നണികൾ
എൽ.ഡി.എഫ് ഗാനം 'ലീക്ക്ഡ്"
തിരുവനന്തപുരം: മെയ് നാലിനു വോട്ടുപെട്ടി പൊട്ടിക്കാനിരിക്കെ മുന്നണികളുടെ വിജയഗാനങ്ങൾ റെഡി. വിജയപാട്ടുകൾ ജയിക്കുമ്പോൾ മാത്രമെ പുറത്തുവിടാവൂ എന്നാണ് വ്യവസ്ഥയെങ്കിലും എൽ.ഡി.എഫിന്റെ ഗാനം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തായി.
''വോട്ടു പെട്ടി പൊട്ടിച്ചപ്പോൾ യു.ഡി.എഫ് ഞെട്ടീ... ഇടതുപക്ഷ മുന്നണിയും തുടർഭരണം നേടീ... മുഖ്യനാകാൻ കച്ചകെട്ടിയ കോൺഗ്രസുകാർ ഞെട്ടി... സ്വപ്നമെല്ലാം നെയ്തവരും എട്ടുനിലയിൽ പൊട്ടീ..."" എന്നു തുടങ്ങുന്ന ഗാനത്തിൽ 'വനവാസത്തിനു പോകാനായി ഒരുങ്ങി നിന്നോ വി.ഡീ..." എന്ന പരിഹാസവുമുണ്ട്. വാഴ 2 സിനിമയിലെ നാടൻ പാട്ടിന്റെ ഈണത്തിലാണ് വിജയപ്പാരഡി തയ്യാറാക്കിയത്. സമൂഹ മാദ്ധ്യമങ്ങളിലെ എൽ.ഡി.എഫ് ഗ്രൂപ്പുകളിലൂടെയാണ് ഗാനം പ്രചരിക്കുന്നത്. സ്ഥാനാർത്ഥികളുടെ പേരുള്ള വിജയാഹ്ളാദപ്പാട്ടുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പ്രിയം അടിച്ചുപൊളി പാട്ടുകൾ
അടിച്ചുപൊളി ഡപ്പാംകൂത്ത് പാട്ടുകൾക്കാണ് ഡിമാൻഡ്. ആഹ്ലാദാവേശത്തിൽ നിൽക്കുന്ന പ്രവർത്തകർക്ക് ആടി തിമിർക്കാനുള്ള 'സംഗതി" പാട്ടിൽ വേണം. മാപ്പിളപ്പാട്ടിന്റെ രീതിയിലാണ് യു.ഡി.എഫിന്റെ വിജയഗാനം. 'കടക്കുപുറത്ത്" എന്നുള്ളവ ഈ പാട്ടിൽ വരും. വി.ഡി.സതീശനെ ഉന്നമിട്ടുള്ള 'വനവാസ" ഗാനവും ഒരുങ്ങിക്കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |