SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.21 AM IST

വില്ലനായി ഷിഗെല്ല ഉന്നതികളിൽ

1

ജില്ലയെ പകർച്ചവ്യാധികൾ പിടിമുറുക്കുന്നു, ഷിഗെല്ലയാണ് പുതിയ വില്ലൻ. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, ഊർജിതമായി നടക്കുന്നതിനിടെയാണ് ആദ്യമായി ഷിഗെല്ല ജില്ലയിലേക്ക് കടന്നെത്തിയത്. ആറന്മുള പഞ്ചായത്തിലെ എഴിക്കാട് ഉന്നതിയിലെ പത്ത് വയസുകാരിക്കാണ് ജില്ലയിൽ ആദ്യമായി ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവിടെ രണ്ട് വാ‌ർഡുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആയിരം കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയാണിത്. കുഞ്ഞുകുട്ടികളും പ്രായമായവരും ഏറെയുള്ള പ്രദേശമാണിത്. രോഗം സ്ഥിരീകരിച്ച കുട്ടിയെക്കൂടാതെ വയറിളക്ക രോഗമുള്ള രണ്ട് കുട്ടികൾ നിലവിൽ ചികിത്സയിലായിരുന്നു. അവരിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എരുമക്കാടുള്ള രണ്ട് കുട്ടികൾക്കും വയറിളക്കരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ് വിദ്യാർത്ഥികൾ. ആദ്യം രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി.വിഷ്ണുനാഥ് പത്തനംതിട്ടയിലെത്തി രോഗപ്രതിരോധ നടപടികൾ ചർച്ച ചെയ്തു. എം.എൽ.എമാർ, കളക്ടർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രതിരോധ നടപടി വിലയിരുത്തിയ യോഗത്തിൽ പങ്കെടുത്തു.

ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാർ സൃഷ്ടിക്കുകയും ചെയ്യുന്നു.

രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുക. രോഗിയുടെ വിസർജ്യത്തിൽ നിന്നുള്ള ബാക്ടീരിയ മറ്റൊരാളുടെ ഉള്ളിലെത്തുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തത് മൂലവും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും തുറസായ സ്ഥലങ്ങളിലെ വിസർജനം മൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.

♦ ഉന്നതികളിൽ ജാഗ്രത വേണം

രോഗം വേഗം പകരാർ സാദ്ധ്യതയുള്ള സ്ഥലങ്ങളാണ് ഉന്നതികൾ. അവരെ ബോധവത്കരിക്കുക എന്നത് വലിയ ദൗത്യവുമാണ്. ആരോഗ്യ വകുപ്പ് ജീവനക്കാർ നിരന്തരം ഇവിടെ കയറിയിറങ്ങി പ്രതിരോധ നടപടി നേരിട്ട് കാണിച്ചുകൊടുത്തില്ലെങ്കിൽ ഒന്നും വിജയിക്കില്ല. അടുത്തടുത്ത് വീടുകളുള്ളതും വെള്ളക്കെട്ടുകൾ നിറഞ്ഞതുമായ പ്രദേശമാണ് എഴിക്കാട് ഉന്നതി. സംസ്ഥാനത്തെ തന്നെ വലിയ ഉന്നതി. കുട്ടികളെയും പ്രയാമായവരെയുമാണ് ഇവിടെ കൂടുതലായി കരുതേണ്ടത്. വീടുകളും പരിസരങ്ങളും ശുചീകരിക്കേണ്ടതിന്റെ പ്രധാന്യം ഗൗരവത്തോടെ മനസിലാക്കി കൊടുക്കാൻ ഉദ്യോഗസ്ഥരുടെ സ്ഥിരം സാന്നിദ്ധ്യമില്ലെങ്കിൽ എഴിക്കാട് പോലെ സംസ്ഥാനത്തെ മറ്റ് ഉന്നതികളിലും രോഗം സ്ഥിരീകരിക്കും.

 വേണം കരുതൽ

ഷിഗെല്ലെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. അതുകൊണ്ടാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ തന്നെ പ്രതിരോധന നടപടികൾക്ക് നേതൃത്വം നൽകുന്നത്. ആഹാരം പാകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനു മുമ്പും മലവിസർജനത്തിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. ഭക്ഷണം എപ്പോഴും അടച്ച് സൂക്ഷിക്കണം. പഴകിയതും തുറന്നു വച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കർശനമായും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗികൾക്ക് പ്രത്യേക ശുചിമുറി സൗകര്യം ഏർപ്പെടുത്താൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ സുരക്ഷിതമായി സംസ്‌കരിക്കണം. എന്നിങ്ങനെ രോഗ പ്രതിരോധ മാർഗത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. വയറിളക്കം, ഛർദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം.

♦ പ്രതിരോധം ജനകീയമാകണം

കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചതിന്റെ നല്ല മാതൃക മുന്നിലുണ്ട്. രോഗം ബാധിച്ചവരെ ക്വാറന്റൈൻ ചെയ്യുകയും കുടുംബാംഗങ്ങൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്താൽ രോഗം ഒരു പരിധി വരെ തടയാമെന്നാണ് ആരോഗ്യ വകുപ്പിന്റെ ആത്മവിശ്വാസം. ഇപ്പോൾ ചില സ്വകാര്യസ്കൂളുകൾ മാസ്ക് ധരിക്കാൻ കുട്ടികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെതിരെ രക്ഷിതാക്കളും രംഗത്തുവന്നു.

പ്രതിരോധ നടപടികൾ സർക്കാർ തലത്തിൽ നിന്നും വന്നില്ലെങ്കിൽ ആരും അനുസരിക്കില്ല. എന്തിനെയും ചോദ്യ ചെയ്യുന്ന സ്വഭാവമുള്ളവർ സ്വകാര്യ സ്ഥാപനങ്ങൾ സദുദ്ദേശത്തോടെ നൽകുന്ന നിർദ്ദേശങ്ങളെയും ധിക്കരിക്കും. അതേസമയം, സർക്കാർ നിർദ്ദേശം നിയമ നടപടി ഭയന്ന് അനുസരിക്കും. കൊവിഡ് കാലത്ത് സർക്കാർ നിലപാട് കർക്കശമാക്കിയത് കൊണ്ട് ആളുകൾ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും ചെയ്തു. സാമൂഹിക അകലവും പാലിച്ചു. കൊവിഡ് കാലത്തേപ്പോലെ ഭീതിജനകമല്ല സ്ഥിതിയെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും ഷിഗെല്ലാ ലക്ഷണമുള്ളവർ താമസിക്കുന്ന സ്ഥലങ്ങളിൽ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് രോഗത്തെ അകറ്റി നിറുത്താൻ സഹായിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIGELLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA