
പിടിച്ചെടുത്തത് 10 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ
തിരുവനന്തപുരം : കോസ്മെറ്റിക്‌സ് മാനദണ്ഡം പാലിക്കാതെയും ലൈസൻസില്ലാതെയും നിർമ്മിച്ച് വിതരണം ചെയ്യുന്ന പാക് നിർമ്മിത ഫേസ് ക്രീമുകളടക്കം പത്ത് ലക്ഷത്തോളം രൂപയുടെ ഉത്പന്നങ്ങൾ പിടി കൂടി.
വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയാനുള്ള ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി പിടിച്ചെടുത്ത സാമ്പിളുകൾ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറികളിലേക്കയച്ചു. ഇതിൽ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയ പരിധിയേക്കാളധികം മെർക്കുറി അംശം കണ്ടെത്തിയതിനാൽ വിപണിയിൽ നിന്ന് പിൻവലിച്ചു. ഗുരുതര ത്വക്ക് രോഗങ്ങൾക്കും മറ്റും കാരണമാകുന്നവയാണ് ഇവ. നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെതിരെ നിയമ നടപടി തുടങ്ങി.
ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയ വസ്തുക്കൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി.നിയമാനുസൃത ലൈസൻസും ഗുണനിലവാരമുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ മാത്രമേ വിൽക്കാൻ അനുവദിക്കൂവെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. സംശയാസ്പദമായ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ച് 1800-425-3182 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.
വെളുക്കാൻ തേച്ചാൽ ത്വക്‌രോഗം
മുഖം വെളുപ്പിക്കാനുള്ള ക്രീമുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തി. ഫേസ് ക്രീമുകളിൽ 1% പി.പി.എം (പാർട്‌സ് പെർ മില്ല്യൺ) മാത്രമാണ് അനുവദനീയമെങ്കിലും പിടി കൂടിയ ഫെയ്സ, ഗോറി എന്നീ ഫേസ് ക്രീമുകളിൽ 20,000 വരെ പി.പി.എം മൂല്യം കണ്ടെത്തി. പാകിസ്ഥാൻ നിർമ്മിതമായ ഈ ക്രീമുകൾ പർച്ചേസ് ബില്ല് പോലുമില്ലാതെ വിപണിയിലെത്തുന്നത് തടയാൻ ആരോഗ്യ വകുപ്പ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |