SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

വിജയ്‌യുടെ മെഗാ ഹിറ്റ് തീരുമാനം

READ ENGLISH VERSION
ss

ഇന്ത്യയിൽ 2011ലെ സെൻസസ് പ്രകാരം ഏകദേശം 30ലക്ഷം ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ടെന്നാണ് കണക്ക്. ശതകോടികളുടെ സമ്പത്തും സ്വർണവും കൈമുതലായുള്ള ക്ഷേത്രങ്ങളും നിത്യവൃത്തിക്കുപോലും പണമില്ലാത്ത ക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ ക്ഷേത്രങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ഭരണനിയന്ത്രണവും നിയമനവുമൊക്കെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലാണ്. അതേസമയം ഇന്ത്യയിലെ മുസ്ളിം, ക്രിസ്ത്യൻ പള്ളികളുടെ നിയന്ത്രണം സർക്കാരിനല്ല. അവരുടെ മതപണ്ഡിതന്മാരുടെ സമിതികളോ സഭകളോ ആണ് ഭരണം നടത്തുന്നത്. അതാത് മതവിഭാഗങ്ങളുടെ ക്ഷേമത്തിനായി അവരുടെ സ്വത്ത് സ്വാതന്ത്ര്യ‌ത്തോടെ വിനിയോഗിക്കാം. ഇതൊരു പ്രകടമായ വിവേചനമാണെന്നും ഹിന്ദുക്കളുടെ ക്ഷേത്രങ്ങളുടെ നിയന്ത്ര‌ണത്തിൽനിന്ന് സർക്കാർ പിന്മാറി ഭരണം ഹിന്ദുക്കൾ ഉൾപ്പെടുന്ന സമിതികൾക്ക് കൈമാറണമെന്നുമുള്ള ആവശ്യത്തിന് സ്വാതന്ത്ര്യാ‌നന്തര കാലഘട്ടം മുതൽ പഴക്കമുള്ളതാണ്.

1959ൽ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആർ.എസ്.എസാണ് ആദ്യമായി ഒരു പ്രമേയത്തിലൂടെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. അത് ഇതുവരെയും നടപ്പായിട്ടില്ല. 2023ൽ ആ വഴിക്കുള്ള ചില നീക്കങ്ങൾ നടത്തുമെന്ന് മദ്ധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൈനംദിന വരുമാനമുള്ള തിരുപ്പതി ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ട്രസ്റ്റാണ് ഭരിക്കുന്നത്. കഴിഞ്ഞ അറുപതുവർഷമായി തമിഴ്‌നാട്ടിൽ ഭരണത്തിലിരുന്ന ദ്രാവിഡകക്ഷികളുടെ നേതാക്കളിൽ ചിലർ തരംകിട്ടുമ്പോഴൊക്കെ സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുമെങ്കിലും ക്ഷേത്രങ്ങളുടെ സ്വത്തും ഭരണവും നിയമനവുമൊന്നും ഞങ്ങളെപ്പോലുള്ളവരുടെ പണിയല്ല എന്നുപറഞ്ഞ് വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല. മാത്രമല്ല കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ക്ഷേത്ര ഭരണത്തിൽ പിടിമുറുക്കുകയാണ് ചെയ്തിട്ടുള്ളത്.

ക്ഷേത്രങ്ങളുടെ കോടിക്കണക്കിന് ഫണ്ടുകൾ അവർ വകമാറ്റി സർക്കാരിന്റെ മറ്റ് പദ്ധതികൾക്കായും ഉപയോഗിച്ചിട്ടുണ്ട്. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ നടന്ന കേസിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ഫണ്ട് ഹിന്ദുക്കളുടെ ക്ഷേമത്തിനും മറ്റ് മതപരമായ കാര്യങ്ങൾക്കും മാത്രമേ വിനിയോഗിക്കാവൂ എന്ന് വിധിയും വന്നതാണ്. പക്ഷേ നിയന്ത്രണം മുഴുവൻ സർക്കാരിന്റെ കൈയിൽ ഇരിക്കുമ്പോൾ ഇതൊന്നും പ്രായോഗിക തലത്തിൽ നടപ്പാവാറില്ല. ഇന്ത്യയിൽ ഇതിന് ആദ്യമായി ഒരു ചെറിയ മാറ്റം സംഭവിച്ചിരിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നല്ല വിപ്ളവകരമെന്ന് വിശേഷിപ്പിക്കേണ്ട ആ മാറ്റം ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ്. മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭരണകാലത്ത് വിഭാവനം ചെയ്ത 245.85 കോടിയുടെ 46 അടിസ്ഥാനസൗകര്യ പദ്ധതികളാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ നേതാവുമായ ജോസഫ് വിജയ് റദ്ദാക്കിയിരിക്കുന്നത്.

ഈ പദ്ധതികൾക്ക് ഹിന്ദു ക്ഷേത്രങ്ങളുടെ പണം ഉപയോഗിച്ചാണ് ധനസഹായം നൽകേണ്ടിയിരുന്നത്. 29 വിവാഹമണ്ഡപങ്ങളുടെയും 17 വാണിജ്യ സമുച്ചയങ്ങളുടെയും അംഗീകാരങ്ങളാണ് റദ്ദാക്കിയത്. ഈ പദ്ധതികളൊന്നും നിർമ്മാണം ആരംഭിച്ചിട്ടില്ല.

ക്ഷേത്രങ്ങളിലെ സ്ഥാവര ജംഗമ സ്വത്തുക്കൾ പവിത്രവും മതപരവുമായ ആവശ്യങ്ങൾക്കും ഭക്തജന ക്ഷേമത്തിനും മാത്രമായേ ഉപയോഗിക്കൂ എന്ന ധീരമായ പ്രഖ്യാപനവും മുഖ്യമന്ത്രി ജോസഫ് വിജയ് നടത്തി. ഇന്ത്യ മുഴുവൻ ഹിന്ദുക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈ തീരുമാനം. ബ്രിട്ടീഷുകാരാണ് ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം സ്റ്റേറ്റിൽ നിക്ഷിപ്തമാക്കുന്ന നിയമം കൊണ്ടുവന്നത്. അടിസ്ഥാനപരമായിട്ടല്ലെങ്കിലും അതിൽ ഒരു മാറ്റത്തിന് തുടക്കമിടാൻ ഹിന്ദുമതത്തിന്റെ സന്തതിയല്ലാത്ത ഒരു മുഖ്യമന്ത്രി വേണ്ടിവന്നു എന്നതിൽ ഹിന്ദുക്കൾക്കൊപ്പം മറ്റ് മതവിഭാഗങ്ങൾക്കും ആഹ്ളാദിക്കാവുന്നതാണ്. ഒരു വലിയ മാറ്റത്തിന്റെ എളിയ തുടക്കമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA