
പാലക്കാട്: പാഠപുസ്തകം വാങ്ങാനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രധാനാദ്ധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തു. പാലക്കാട് ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥി കഴിഞ്ഞമാസം പുതിയ പാഠപുസ്തകങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് സംഭവം. സ്കൂളിലെത്തിയ കുട്ടിയെ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രധാനാദ്ധ്യാപകൻ പീഡിപ്പിച്ചെന്നാണ് പരാതി. മുമ്പ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഇയാളിൽ നിന്ന് സമാനരീതിയിൽ മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ പാലക്കാട് സൗത്ത് പൊലീസാണ് കേസ്‌രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, അയിലൂർ ഗവ.യു.പി.സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഏഴാംക്ലാസുകാരനെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പരിക്കേറ്റ ഏഴാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. ജൂൺ 29ന് ഉച്ചയ്ക്ക് വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടായി. ഇതേ തുടർന്ന് സിദ്ധാർത്ഥിനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി അദ്ധ്യാപകൻ മുഖത്തടിച്ചെന്നാണ് പരാതി. മർദ്ദനത്തിൽ കുട്ടിക്ക് ഇടതു കണ്ണിന് താഴെ പരിക്കേറ്റു. നെന്മാറ പൊലീസ് വിദ്യാർത്ഥിയുടെയും അദ്ധ്യാപകന്റെയും മൊഴിയെടുത്തു.
അതേസമയം, പി.ടി.എ വൈസ് പ്രസിഡന്റായ കുട്ടിയുടെ അമ്മ നീരജയെ സ്‌കൂൾ വാർഷികവുമായി ബന്ധപ്പെട്ട നോട്ടീസിൽ പേര് ഉൾപ്പെടുത്താത്തതിലുള്ള വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നും വിദ്യാർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിലാണ് പരിക്കേറ്റതെന്നും അദ്ധ്യാപകനായ എം.ഉദയൻ പറഞ്ഞു. സ്‌കൂളിൽ പി.ടി.എ ഫണ്ട് ക്രമക്കേട് സംബന്ധിച്ച് ഈ അദ്ധ്യാപകനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനാൽ മകനെ അകാരണമായി മർദ്ദിച്ചതെന്ന് നീരജയും ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |