
തിരുവനന്തപുരം: സംസ്കൃത സർവകലാശാല വി.സിയായിരുന്ന ഡോ.കെ.കെ.ഗീതാകുമാരി ചുമതലയൊഴിഞ്ഞ ശേഷവും അനധികൃതമായി ഇറക്കിയ ഉത്തരവുകൾ റദ്ദാക്കി. വിസി പ്രൊഫ സിസാ തോമസിന്റേതാണ് നടപടി.
മാർച്ച് അഞ്ചിന് വൈകിട്ട് നാലിനാണ് കാലിക്കറ്റ് സർവകലാശാല സംസ്കൃത പ്രൊഫസറായിരുന്ന ഡോ.കെ.കെ. ഗീതാകുമാരിയെ വി.സി യുടെ ചുമതലയിൽ നിന്നും ഒഴിവാക്കി പകരം സാങ്കേതിക സർവകലാശാല വി.സി ഡോ.സിസ തോമസിന് ഗവർണർ ചുമതല നൽകിയത്. ഡോ. ഗീതാകുമാരി ഉടൻ പദവി ഒഴിഞ്ഞ് സർവ്വകലാശാലയിൽ നിന്ന് മടങ്ങിയിരുന്നു. അതിനു ശേഷം രാത്രി വൈകിയും നാൽപ്പതോളം ഫയലുകളിൽ വി.സി തീർപ്പു കൽപ്പിച്ചതായി
രേഖകളുണ്ടാക്കിയെന്നായിരുന്നു പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതി ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഫയലുകളിൽ ആരാണ് തീർപ്പ് കല്പിച്ചതെന്നത് വിശദമായ അന്വേഷണത്തിൽ മാത്രമേ കണ്ടെത്താനാവൂ. വിസി യുടെ പാസ്സ് വേർഡ് മറ്റാരെങ്കിലും ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കും. വൈകിട്ട് നാലിന് ശേഷം അംഗീകരിക്കപ്പെട്ട എല്ലാ ഫയലുകളിലെയും ഉത്തരവുകളാണ് ഡോ. സിസാ തോമസ് റദ്ദാക്കിയത്. എല്ലാ ഫയലുകളും നേരിട്ട് വിസിക്ക് സമർപ്പിക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ഏത് സാഹചര്യത്തിലാണ് മുൻ വിസി സ്ഥാനം ഒഴിഞ്ഞ ശേഷവും ഫയലുകൾ അംഗീകരിക്കപ്പെട്ടതെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാറോട് വിസി ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകളിലും വിദ്യാർത്ഥി പ്രവേശനത്തിലും വ്യാപകമായ ക്രമക്കേടുകളെന്ന പരാതി ഉയരുന്നതിനിടെയാണ് വി.സിയുടെ പാസ്‌വേഡ് കൈക്കലാക്കി ഉത്തരവുകളിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |