
മൊത്തം ചെലവും നോക്കാം, മുഴുവൻ ജലവും നൽകാമെന്നും വി.ഡി. സതീശൻ
നിലവിൽ സുരക്ഷാ ഭീഷണിയില്ല, ജലനിരപ്പ് 152 അടിയാക്കണമെന്നും വിജയ്
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം കടുത്ത അപകടഭീഷണി നേരിടുന്നു. പുതിയ അണക്കെട്ടു വേണം. എല്ലാ ചെലവും കേരളം നോക്കാം. മുഴുവൻ വെള്ളവും തമിഴ്നാടിന് തരാം. മുഖ്യമന്ത്രി വി.ഡി.സതീശൻ ഉന്നയിച്ച ആവശ്യം പക്ഷേ, തമിഴ്നാട് കൈയോടെ തള്ളി. ദക്ഷിണേന്ത്യൻ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മുഖത്തടിച്ചുള്ള നിലപാടെടുത്തത്.
സ്ഥലം, നിർമ്മാണ മാതൃക തുടങ്ങി എല്ലാകാര്യങ്ങളും തമിഴ്നാടിന് തീരുമാനിക്കാം. കേരളത്തിന് സുരക്ഷയിൽ അത്രത്തോളം ആശങ്കയുണ്ടെന്നും സതീശൻ പറഞ്ഞു. എന്നാൽ, സുരക്ഷാ ആവശ്യം കേരളത്തിന്റെ സ്ഥിരം പല്ലവിയെന്ന പ്രകോപനപരമായ മറുപടിയാണ് തമിഴ്നാട് നൽകിയത്. ഡാമിന് ഒരു പ്രശ്നവുമില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും വിദഗ്ദ്ധ സമിതിയും സാക്ഷ്യപ്പെടുത്തിയതാണ്. ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന് തമിഴ്നാട് ആവർത്തിക്കുകയും ചെയ്തു.
മധുരയിലും രാമനാഥപുരത്തുമെല്ലാം കൃഷി ഈ വെള്ളം ഉപയോഗിച്ചാണ്. പച്ചക്കറിയായും മറ്റ് ഉത്പന്നങ്ങളായും അത് കേരളത്തിലാണ് എത്തുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത തമിഴ്നാട് വൈദ്യുതി മന്ത്രി സി.ടി.ആർ.നിർമ്മൽകുമാർ പറഞ്ഞു. പിന്നീട് ചർച്ച ഉപസംഹരിച്ച മുഖ്യമന്ത്രി വിജയ്‌യും ഇതേനിലപാട് ആവർത്തിച്ചു. അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായമൊന്നും പറഞ്ഞില്ല. കൗൺസിലിൽ വിജയ് വൈസ് ചെയർമാനാണ്.
തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി മുഖ്യമന്ത്രിമാരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും പങ്കെടുത്തു. ആമുഖപ്രസംഗത്തിൽ കേന്ദ്ര ഖനനനിയമ ഭേദഗതി, മൈസൂരുവിലെ രാത്രിയാത്ര, നിലമ്പൂർ- നഞ്ചങ്കോട് റെയിൽ നിർമ്മാണം, മണ്ഡല പുനർനിർണയം, വനിതാ സംവരണ ബിൽ എന്നിവയാണ് കേരളം ഉന്നയിച്ചത്. വിഷയാധിഷ്ഠിത ചർച്ചയിലാണ് മുല്ലപ്പെരിയാർ വന്നത്.
തമിഴ്നാടിന്റെ ആശങ്ക
തമിഴ്നാടിന് വെള്ളം നൽകാൻ 1887ൽ ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂർ രാജ്യവുമായി 999 വർഷത്തെ കരാർ. 1970ൽ അച്ചുതമോനോൻ സർക്കാർ കരാർ പുതുക്കി. പുതിയ ഡാം വന്നാൽ കരാർ കാലഹരണപ്പെടും. തമിഴ്നാടിന് അധികാരങ്ങൾ ഇല്ലാതാകും. അതാണ് അവരുടെ ആശങ്ക.
ഏറ്റവും അപകടകരം
1 ലോകത്ത് ഏറ്റവും അപകട നിലയിലുള്ള ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാറെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. പേരെടുത്ത് പരാമർശിച്ച ഏക അണക്കെട്ടും മുല്ലപ്പെരിയാറാണ്
2 തകർന്നാൽ 35 ലക്ഷം പേരെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ലിബിയയിൽ 22,000 പേരുടെ ജീവനെടുത്ത അണക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
3 അണക്കെട്ടിന് 131 വർഷത്തെ പഴക്കം. പല ഭാഗത്തും പ്രത്യക്ഷത്തിൽ തന്നെ കാണാനാവുന്ന കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭൂമികുലുക്ക സാദ്ധ്യതയുള്ള പ്രദേശവുമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |