
തിരുവനന്തപുരം: ഗ്രീൻ ബങ്കറിംഗ് സേവനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. ഇതിലൂടെ ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനത്തിലേക്ക് മാറിയ അവസരം പ്രയാജനപ്പെടുത്തും.
വിഴിഞ്ഞം - ബാലരാമപുരം ഭൂഗർഭ റെയിൽ, വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയുടെ നിർമ്മാണവും സ്ഥലമേറ്റെടുക്കലും വേഗത്തിലാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണ മേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈപോർട്ട് എന്നിവ ആരംഭിക്കും. സംസ്ഥാനത്ത് കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. തുറമുഖ വികസനത്തിനും കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിനും ലോജിസ്റ്റിക്സ്, കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്കുമായി മാരിടൈം പോളിസി രൂപീകരിക്കും.
റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2025-26ൽ സംസ്ഥാനത്തിന്റെ കടബാദ്ധ്യത 5.07 ലക്ഷം കോടി രൂപയാണ്. അക്കൗണ്ട് ജനറലിന്റെ അന്തിമ കണക്കുകൾ പ്രകാരം ശമ്പളം, പെൻഷൻ, പലിശ എന്നിവയ്‌ക്കായി റവന്യു വരുമാനത്തിന്റെ 77.6 ശതമാനമാണ് ചെലവഴിച്ചത്.
സിൽവർ ഇക്കണോമിക് പോളിസി വികസിപ്പിക്കും
വയോജന വകുപ്പിന്റെ നേതൃത്വത്തിൽ വയോജന സേവനം, റിട്ടയർമെന്റ് ഇൻഫ്രാസ്‌ക്ചർ, വാർദ്ധക്യകാല ആരോഗ്യ പരിപാലനത്തിനുള്ള നവീന കണ്ടുപിടിത്തം എന്നിവ ഉൾക്കൊള്ളുന്ന സിൽവർ ഇക്കണോമിക് പോളിസി നടപ്പിലാക്കും. ഇതിനായി മുതിർന്ന പൗരന്മാരുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ സർവേ നടത്തും. സർക്കാർ-സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ നിയമനിർമ്മാണം
ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നുറപ്പാക്കാൻ, എല്ലാ ഒഴിവും റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പു മേധാവികൾക്കും നിയമനാധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ സഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ നിയമനിർമ്മാണ സാദ്ധ്യത പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം - കണ്ണൂർ 473.20 കിലോമീറ്റർ ദൈർഘ്യമുള്ള സ്റ്റാൻഡേർഡ് ഗേജിലൂടെ അതിവേഗ റെയിൽ നടപ്പിലാക്കാനായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് സർക്കാർ പരിശോധിക്കുന്നുണ്ട്. സാങ്കേതിക, സാമ്പത്തിക, പരിസ്ഥിതി വിഷയങ്ങൾ പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |