SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.58 PM IST

പശ്ചിമഘട്ടം പരിസ്ഥിതിലോല മേഖല : 3 സംസ്ഥാനങ്ങളിൽ അന്തിമ വിജ്ഞാപനം ഉടൻ , കേരളത്തിനായി കരട് വീണ്ടും തിരുത്തിയേക്കും

a

ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ(ഇ.എസ്.എ) കണ്ടെത്തിയ കസ്‌തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഉടൻ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികളിലേക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. തർക്കം കാരണം കേരളം, തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ അന്തിമ വിജ്ഞാപനം വൈകും. തമിഴ്നാടുമായി ചർച്ച പുരോഗമിക്കുകയാണ്.ഈ മൂന്നു സംസ്ഥാനങ്ങൾക്കുമായി കരടിൽ വീണ്ടും തിരുത്തൽ വരുത്തേണ്ടിവരുമെന്നാണ് സൂചന. ഇതിനകം ആറു തവണ തിരുത്തൽ വരുത്തി.

മുൻ വനം ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്.

കേരളം,തമിഴ്നാട്,കർണാടക,ഗോവ,മഹാരാഷ്‌ട്ര,ഗുജറാത്ത് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമെന്ന് 2013ൽ കസ്‌‌തൂരിരംഗൻ സമിതി കണ്ടെത്തിയെങ്കിലും സംസ്ഥാനങ്ങളുടെ എതിർപ്പ് മൂലം 2014ൽ കരട് വിജ്ഞാപനം മാത്രമാണ് ഇറക്കിയത്. ആറ് തവണ പുതുക്കി.

1337.24 ച.കി.മീ

ഒഴിവാക്കണമെന്ന് കേരളം

2024 ലെ കരട് വിജ്ഞാപനത്തിൽ നിർദ്ദേശിച്ച 9,993.7 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എയിൽ ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളുമടങ്ങിയ 1337.24 ച.കി.മീ കൂടി പൂർണമായും ഒഴിവാക്കണം. ഉരുൾപൊട്ടലുണ്ടായ നൂൽപ്പുഴ ഉൾപ്പെടെ വയനാട്ടിലെ 13 ഗ്രാമങ്ങൾ പട്ടികയിലുണ്ട്.

ഗുജറാത്തിലെ 64 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 449-470 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇ.എസ്.എ അടയാളപ്പെടുത്തുക. വനേതര പ്രദേശങ്ങളിൽ ചെറുകിട ധാതു ഖനനം, നിലവിലെ നിർമ്മാണങ്ങളെയും മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഒഴിവാക്കും. മഹാരാഷ്ട്ര ഖനന, വ്യാവസായിക പദ്ധതികൾക്കു വേണ്ടി 2,515 ഗ്രാമങ്ങളിൽ 378 എണ്ണം ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അന്തരിച്ച മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി 2011 ആഗസ്റ്റിൽ 129,037 ചതുരശ്ര കിലോമീറ്റർ ഭൂമി ഇ.എസ്.എ ആയി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്‌തിരുന്നു. വൻകിട കൈയേറ്റങ്ങളുൾപ്പെടെ ഒഴിപ്പിക്കേണ്ടി വരുമെന്നായതോടെ റിപ്പോർട്ട് രാഷ്ട്രീയ വിവാദമായി. 2012 ആഗസ്റ്റിൽ കസ്‌തൂരംഗന്റെ നേതൃത്വത്തിൽ മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

ഇ.എസ്.എ കൂടുതൽ

കർണാടകയിൽ

ഇ.എസ്.എയുടെ 20,668 ചതുരശ്ര കിലോമീറ്റർ (36.3 ശതമാനം) കർണാടകയിൽ. 6000 ച.കി.മീ പ്രദേശം ഒഴിവാക്കണമെന്ന് ആവശ്യം.

മഹാരാഷ്ട്ര (17,340). കേരളം (9,993.7), തമിഴ്നാട് ( 6,914)

ഗോവ (1,461) ഗുജറാത്ത് (449) എന്നിങ്ങനെയാണ് ചതുരശ്ര കിലോമീറ്റർ വിസ്തൃതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WESTERN GHATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA