
കൊല്ലം: മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായാൽ ഏഴുവർഷം കഴിഞ്ഞേ കുടുംബത്തിന് നഷ്ടപരിഹാരം നൽകൂവെന്നതടക്കം കേൾക്കുമ്പോൾ വിഷമം തോന്നുന്ന വ്യവസ്ഥകൾ വൈകാതെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതംകൃഷ്ണന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗതംകൃഷ്ണയ്ക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മുൻകാലത്ത് ഒരിടത്തും നടത്താത്ത തരത്തിലുള്ള വിപുലമായ തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. പ്രതികൂല കാലാവസ്ഥ ഒഴികെ എല്ലാ ദിവസവും ഡോണിയർ വിമാനം, ഹെലികോപ്ടർ, സ്കൂബ ഡൈവിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം അപകടങ്ങളുണ്ടായാൽ കാലതാമസമില്ലാതെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ജില്ലാ ഭരണകൂടം എന്നിവർക്കൊപ്പം പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയ്യാറാക്കും. കുടുംബത്തിൽ ഒരാളെ കാണാതാകുന്ന മത്സ്യത്തൊഴിലാളികളുടെ വികാരത്തെ മനസിലാക്കുന്നു. അവർക്ക് ഭരണകൂടത്തോടെ പ്രതിഷേധിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഷിബു ബേബി ജോണും ഒപ്പമുണ്ടായിരുന്നു.
സ്വാഗതം ചെയ്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ
കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ മരണമടഞ്ഞതായി പരിഗണിക്കാനുള്ള ഏഴുവർഷത്തെ കാലപരിധി കുറയ്ക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം സ്വാഗതം ചെയ്ത് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. കാലപരിധി കുറയ്ക്കണമെന്ന ആവശ്യം ഫെഡറേഷൻ വർഷങ്ങളായി ഉന്നയിക്കുന്നതാണ്. നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് യോഗം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |