SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.22 AM IST

തീരദേശ സന്ദർശനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും: പ്രതിഷേധ തിരയടക്കാൻ സാന്ത്വനം

ministers

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിലെ കാലതാമസത്തിൽ തീരദേശത്തുയർന്ന പ്രതിഷേധം ശമിപ്പിക്കാൻ ആശ്വാസ വാക്കുമായി മുഖ്യമന്ത്രിയും മന്ത്രിമാരും.

മത്സ്യത്തൊഴിലാളികളെ കാണാതായി 11-ാം നാളിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നീണ്ടകരയിലും മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.ഇ.അബ്ദുൽ ഗഫൂറും മുതലപ്പൊഴി, വിഴിഞ്ഞം എന്നിവിടങ്ങളിലുമാണെത്തിയത്. കാണാതായവരുടെ ഉറ്റവരെ ആശ്വസിപ്പിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും തെരച്ചിൽ തുടരുമെന്നും സർക്കാർ ഒപ്പമുണ്ടെന്നും ഉറപ്പ് നൽകി. പ്രതിഷേധവും സങ്കടവും കലർന്ന വാക്കുകളോടെ ദുരവസ്ഥ കുടുബാംഗങ്ങൾ പങ്കുവച്ചു. നീണ്ടകര സ്വദേശി ഗൗതം കൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാവിലെയാണ് മുഖ്യമന്ത്രി നീണ്ടകരയെത്തിയത്. രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണം നിഷേധിച്ച മുഖ്യമന്ത്രി, എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തെരച്ചിലെന്ന് അറിയിച്ചു.

വിഴിഞ്ഞം പുല്ലുവിള സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ എന്നിവരുടെ വീട്ടിലെത്തിയ മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.ഇ.അബ്ദുൽഗഫൂറും സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി. മുതലപ്പൊഴിയിലെ സ്ഥിരം അപകടം നടക്കുന്ന സ്ഥലം ഇരുവരും സന്ദർശിച്ചു.

ദുഃഖത്തിലും പ്രയാസങ്ങളിലും സർക്കാർ അവരോടൊപ്പമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരച്ചിലും രക്ഷാപ്രവർത്തനവും കാര്യക്ഷമമാക്കാൻ പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും മന്ത്രി അബ്ദുൾ ഗഫൂർ അറിയിച്ചു. പ്രതിഷേധം കനത്തതോടെ കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി ഷിബുബേബി ജോൺ നീണ്ടകരയിലും വിഴിഞ്ഞത്തും മന്ത്രി സി.പി.ജോൺ മുതലപ്പൊഴിയിലും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സന്ദർശിച്ചിരുന്നു.

മന്ത്രിമാരായ ബിന്ദുകൃഷ്ണയും പി.സി. വിഷ്ണുനാഥും നീ​ണ്ട​ക​രയിൽ കാണാതായ​ഗൗ​തം​ ​കൃ​ഷ്ണ​ന്റെ​ ​കു​ടും​ബ​ത്തെ ഇന്നലെ സന്ദർശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA