
ആലപ്പുഴ: കയർമേഖലയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. അതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും ആവശ്യമാണ്. ‘കയറിന് ഒരു കൈത്താങ്ങ്, ഒരു വീട്ടിൽ ഒരു കയർ ഉത്പന്നം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനിക വിപണിക്ക് അനുയോജ്യമായ മൂല്യവർദ്ധിത കയർ ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ചാലേ വിപണിയിൽ പിടിച്ചു നിൽക്കാനാകൂ. സാമ്പത്തിക പരാധീനതകൾക്കിടയിലും കയർ മേഖലയ്ക്കായി ഓണത്തിന് മുമ്പ് സർക്കാർ 56.45 കോടി അനുവദിച്ചു.
443 കയർ സംഘങ്ങൾക്ക് പ്രവർത്തനക്ഷമത വിലയിരുത്തി 4.56 കോടി വർക്കിംഗ് ക്യാപ്പിറ്റലായി നൽകും. കയർ ഭൂവസ്ത്രം വിതരണം ചെയ്തതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കുടിശികയായി നൽകാനുള്ള 68 കോടിയിൽ 41 കോടി റിലീസ് ചെയ്തിട്ടുണ്ട്. കയർഫെഡും കയർകോർപ്പറേഷനും സംഘങ്ങൾക്ക് നൽകാനുള്ള കയർ വില കുടിശികയിൽ 12 കോടിയിൽ 10.95 കോടി നൽകാൻ തീരുമാനമെടുത്തു.
തൊഴിലെടുക്കാൻ കഴിയാത്ത കയർതൊഴിലാളികൾക്ക് ഓണത്തിന് ആശ്വാസത്തുക നൽകണമെന്ന കെ.സി.വേണുഗോപാൽ എം.പിയുടെ നിർദ്ദേശം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യക്തമാക്കി. പദ്ധതിയുടെ ലോഗോ പ്രകാശനവും ആനുകൂല്യ വിതരണവും കെ.സി.വേണുഗോപാൽ നടത്തി. കയറിന് കൈത്താങ്ങ് പദ്ധതിയുടെ ആദ്യവില്പന മന്ത്രി രമേശ് ചെന്നിത്തലയും മുൻ എം.എൽ.എ ടി.കെ.ദേവകുമാറും ചേർന്ന് നിർവഹിച്ചു. കൊയ്റോ ഇക്കോ ഫ്രണ്ട്ലി ലാപ്പ്ടോപ് കൂളിംഗ് പാഡ്, ഡയറക്ടർ ഡോ.അഭിഷേകിന് നൽകി മന്ത്രി പുറത്തിറക്കി. കയർ ഡയറക്ടർ സമീർ കിഷൻ പദ്ധതി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |