
തിരുവനന്തപുരം: പ്രളയമുന്നറിയിപ്പ് നൽകാൻ 10 കോടി ചെലവിട്ട് സ്ഥാപിച്ച അത്യാധുനിക എക്സ് ബാൻഡ് ഡോപ്ളർ വെതർ റെഡാർ സംവിധാനം കമ്മിഷൻ ചെയ്യാത്തത് വിനയായി. മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് നാനൂറിലേറെ പേരുടെ ജീവനെടുത്ത ദുരന്തമുണ്ടായതിനു പിന്നാലെയാണ് മേഘവിസ്ഫോടനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനാകുന്ന സംവിധാനം വയനാട്ടിലെ പുൽപ്പള്ളിയിൽ സ്ഥാപിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത്.
ഈ വർഷത്തെ മഴക്കാലത്തിനുമുമ്പ് പ്രവർത്തനം തുടങ്ങാൻ ലക്ഷ്യമിട്ട് നിർമ്മാണം തുടങ്ങിയ പദ്ധതി മേയിൽ പൂർത്തിയായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം കമ്മിഷൻ ചെയ്യാനായില്ല. പുതിയ സർക്കാർ വന്നശേഷം അതിനു തുടർനടപടിയുണ്ടായില്ല. മേഘവിസ്ഫോടനമുണ്ടാക്കുന്ന മഴമേഘങ്ങളെ തിരിച്ചറിയാൻ സാധാരണ കാലാവസ്ഥാസംവിധാനങ്ങൾക്ക് കഴിയില്ല. അതിനാണ് ഡോപ്ളർ വെതർ റെഡാർ സംവിധാനം ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് 2018 മുതൽ പ്രളയദുരന്തം ആവർത്തിക്കുന്നുണ്ട്.
പ്രതിസന്ധി മറികടക്കാൻ ഡോപ്ളർ റെഡാർ ഉടൻ കമ്മിഷൻ ചെയ്യണം. അതിലേക്ക് സാങ്കേതിക വിദഗ്‌ദ്ധരെ നിയോഗിക്കണം. അവർക്ക് ഇതിന്റെ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ പരിശീലനം നൽകാമെന്ന് ഐ.എസ്.ആർ.ഒ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല. സംസ്ഥാനം മുഴുവൻ നിരീക്ഷണ വ്യാപ്തി കിട്ടുന്നതിനാണ് വയനാട്ടിലെ ഉയർന്നസ്ഥലമായ പുൽപ്പള്ളി കണ്ടെത്തിയത്.രാജ്യത്ത് 47ഡോപ്ളർ റെഡാറുകളാണുള്ളത്. ഇതിലേറെയും ഹിമാലയൻ മേഖലയിലാണ്.
മേഘവിസ്ഫോടനം നേരത്തെ അറിയാം
റെഡാറിൽ നിന്നുള്ള വൈദ്യുത കാന്തികശേഷിയുള്ള രശ്മികൾ മഴമേഘങ്ങളിലേക്ക് പോകും. മേഘങ്ങളിൽ തുളച്ചുകയറി അവ തിരിച്ചുവരുമ്പോൾ റെഡാർ ആഗിരണം ചെയ്യും. തിരിച്ചെത്തുന്ന രശ്മികളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായിട്ടുണ്ടാകും. ഈ മാറ്റം കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് വിശകലനം ചെയ്താണ് മഴമേഘങ്ങൾ മേഘവിസ്ഫോടന ശേഷിയുള്ളതാണോ, അത് എത്രമാത്രം ഉണ്ടാകും, എത്രസമയത്തിനുള്ളിൽ വിസ്ഫോടനമുണ്ടാകും, തീവ്രമഴ എത്രനേരം നിലനിൽക്കും,അതിന്റെവ്യാപ്തി തുടങ്ങിയകാര്യങ്ങൾ നിർണയിക്കുക.
മേഘവിസ്ഫോടനം?
സമുദ്രോപരിതലത്തിൽചൂട് കൂടുമ്പോൾ അധികമായുണ്ടാകുന്ന നീരാവി കാറ്റിലൂടെ ഉയർന്നുനീങ്ങും.അത് മലനിരകളിൽതട്ടി നിൽക്കും. കരയിലെ ചൂട്,എയ്റോസോൾ എന്ന പൊടിപടലങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യത്തിൽ കട്ടികൂടി ഉറയും. അത് ദ്രവീകരിച്ച് അതിതീവ്രമഴയായി പെയ്യുന്നതാണ് മേഘവിസ്ഫോടനമായി കണക്കാക്കുന്നത്.
കരയിലെ ചൂട് കൂടുന്തോറും ദ്രവീകരണതോതും കൂടും.അതനുസരിച്ച് മഴയുടെ തീവ്രതയും കൂടും. രണ്ടുദിവസത്തിൽ പെയ്തുതീരേണ്ട മഴ രണ്ടോ മൂന്നോ മണിക്കൂറിൽ പെയ്യും. ഇങ്ങനെ വീഴുന്ന വെള്ളം മണ്ണിലേക്ക് വലിയില്ല.ഒഴുകിത്തീരുകയുമില്ല.അത് പ്രളയമുണ്ടാക്കും.വെള്ളത്തിന്റെ വ്യാപ്തി കൂടുന്നതിനാൽ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ എന്നിവയ്ക്കും കാരണമാകും.
A ₹10 crore X-band Doppler Weather Radar installed at Pulpally in Wayanad to provide early warnings for extreme rainfall and possible cloudburst events has not yet been commissioned. The system was approved by the Kerala government after the Mundakkai–Chooralmala disaster, which claimed over 400 lives, but the delay in making it operational has raised concerns about disaster preparedness.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |