SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

ഓർമ്മയിൽ മായാതെ ഗാന്ധിജിയുടെ മുത്തം

d

വടക്കാഞ്ചേരി: സ്വാതന്ത്ര്യപ്പുലരിക്ക് ഒരു വർഷം മുൻപ്, 1946 ഫെബ്രുവരി മൂന്നിന്, അഞ്ചു വയസുള്ളപ്പോൾ മഹാത്മാഗാന്ധി തോളിലേറ്റി വാരിപ്പുണർന്നതും കവിളിൽ മുത്തം നൽകിയതും ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു, തങ്കമ്മ.

പാർളിക്കാട് വലിയകുന്നത്ത് മഠത്തിലാത്ത് പരേതനായ സുന്ദരൻ നായരുടെ ഭാര്യ തങ്കമ്മയ്ക്ക് വയസ് 87. കുഞ്ഞുന്നാളിൽ മധുരയിലുള്ള മാതൃസഹോദരി അമ്മിണിയുടെ വസതിയിൽ വിരുന്നെത്തിയതായിരുന്നു. ദളിതർക്കും നാടാർ വിഭാഗത്തിനും പ്രവേശനം അനുവദിച്ചതിനെ തുടർന്ന് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ ഗാന്ധിജിയെ കാണാൻ അമ്മാവൻ ഗോവിന്ദൻകുട്ടി നായരുടെയും ജ്യേഷ്ഠൻ നാരായണന്റെയുമൊപ്പം തങ്കമ്മയും മൈതാനത്തെത്തി. തടിച്ചുകൂടിയ ജനസഞ്ചയത്തിനിടയിൽ അമ്മാവന്റെ തോളിലിരുന്ന കുഞ്ഞുതങ്കമ്മയെ ഗാന്ധിജി അടുത്തേക്ക് വിളിച്ചു. ജനക്കൂട്ടത്തിന് നടുവിലൂടെ ഗാന്ധിജി സ്വന്തം തോളിലേക്ക് വാരിയെടുത്തു,​ കവിളിൽ മുത്തമിട്ടു. ഗാന്ധിജിയോട് തമിഴിൽ സംസാരിച്ചു. അദ്ദേഹത്തെ ഹാരമണിയിച്ചു. എൺപതാണ്ടുകൾക്കിപ്പുറവും ഓർമ്മകൾ ഓളം തല്ലുന്നു. മൈതാനത്ത് തിക്കും തിരക്കുമുണ്ടായപ്പോൾ അമ്മാവന്റെ തോളിലിരുന്നാണ് രക്ഷപ്പെട്ടതെന്നും തങ്കമ്മ പറയുന്നു.

കരുത്തുപകർന്ന ആ തലോടൽ

ആറാം വയസിൽ നാട്ടിൽ തിരിച്ചെത്തിയ തങ്കമ്മ പാർളിക്കാട് ഗവ. സ്‌കൂളിൽ അഞ്ചാംതരം വരെ പഠിച്ചു. വടക്കാഞ്ചേരിയിലേക്കുള്ള കാൽനടയാത്ര ബുദ്ധിമുട്ടായപ്പോൾ പഠനം നിലച്ചു. വാഹനങ്ങൾ അപൂർവമായിരുന്ന ആ കാലത്ത്, 15-ാം വയസിൽ മൂത്തമകന് ജന്മം നൽകാൻ ആശുപത്രിയിലെത്തിയത് കാളവണ്ടിയിലായിരുന്നു. പഠനം മുടങ്ങിയെങ്കിലും രാമായണവും ഭാഗവതവും സ്വയം പഠിച്ചെടുത്തു. കർക്കടകത്തിൽ രാമായണ പാരായണം പതിവാണ്. ഗാന്ധിയുടെ ആ തലോടലാണ് ജീവിതത്തിലുടനീളം കരുത്തായതെന്നും ലോകസമാധാനത്തിന് ഗാന്ധിജിയുടെ സന്ദേശം മാത്രമാണ് ഏക മാർഗമെന്നും തങ്കമ്മ പറയുന്നു. മക്കൾ: രാധാകൃഷ്ണൻ (എൻജിനീയർ), ധനലക്ഷ്മി, ഭാഗ്യലത, ജയലളിത (ബംഗളൂരു കസ്റ്റംസ് ചെക്കിംഗ് ഇൻസ്‌പെക്ടർ), സുരേഷ് കുമാർ (സിവിൽ എൻജിനീയർ, ദുബായ്)

ആ അപൂർവ നിമിഷം ഫോട്ടോ എടുക്കാനായില്ലല്ലോ എന്ന് വിഷമിക്കാറുണ്ട്. ആ ഓർമ്മകൾ തന്നെ ധാരാളം.
-തങ്കമ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA