SignIn
Kerala Kaumudi Online
Saturday, 15 August 2026 1.56 AM IST

വിലക്കയറ്റത്തിന്റെ കയ്പ്പിൽ ബേക്കറി

bakery

പാലക്കാട്: പഞ്ചസാര, മുട്ട, വെളിച്ചെണ്ണ, ഓയിൽ, ഫാറ്റ് തുടങ്ങിയവയ്‌ക്കെല്ലാം വില വർദ്ധിച്ചതോടെ ബേക്കറി സാധനങ്ങളുടെയും വില ഉയരുന്നു.

കഴിഞ്ഞമാസം കിലോയ്ക്ക് 44 രൂപയായിരുന്ന പഞ്ചസാരയ്ക്കിപ്പോൾ 52 രൂപയാണ്. മാർച്ചിൽ 4.80 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് എട്ടു രൂപ നൽകണം. മൊത്തവിതരണക്കാർ വില കുറച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും 6.25 രൂപ നൽകണം. വെളിച്ചെണ്ണയ്ക്കും വില 290 മുതൽ മുകളിലോട്ടാണ്. രണ്ട് മാസം മുമ്പുവരെ പഫ്സിന് ലെയർ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഫാറ്റായ ലിലി മാർഗരൈൻ ബേക്കറി ഫാറ്റ് 15 കിലോയ്ക്ക് 2510 രൂപയും ലിലി ഗ്രീനിന് 2390 രൂപയുമായിരുന്നു വില. ഇപ്പോൾ അവയുടെ വില 2900വും 3190 രൂപയുമായി. കേക്കിൽ ഉപയോഗിക്കുന്ന ജി.എസ്.എം ഫാറ്റിന്റെ വില 2700ൽ നിന്ന് 2790 രൂപയായി. 15 ലിറ്റർ സൺഫ്ളവർ ഓയിലിന് 1975ൽ നിന്നും 2150 രൂപയായി. വില കൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബേക്കറി വ്യാപാരികൾ പറയുന്നു.

കേക്ക്, ബിസ്‌കറ്റ്, ലഡു, ജിലേബി പോലെയുള്ള പലഹാര നിർമ്മാണത്തിന് പഞ്ചസാരയും മുട്ടയും മൈദയും ഓയിലും ആവശ്യമാണ്. പച്ചക്കറികൾക്കും നേന്ത്രപ്പഴത്തിനും വിലകൂടിയതും ബേക്കറി മേഖലയ്ക്ക് തിരിച്ചടിയായി.

കരിമ്പ് പെട്രോളിൽ മുങ്ങി

# പെട്രോളിനായി എഥനോൾ ഉത്പാദിപ്പിക്കുന്നതാണ് പഞ്ചസാര വില വർദ്ധിക്കാൻ കാരണം. എഥനോൾ നിർമ്മാണത്തിന് കരിമ്പാണ് ഉപയോഗിക്കുന്നത്. കരിമ്പു തന്നെയാണ് പഞ്ചസാര ഉൽപാദനത്തിന്റെയും പ്രധാന അസംസ്‌കൃതവസ്തു.

# കോഴിത്തീറ്റക്ക് വൻതോതിൽ വില വർദ്ധിച്ചതാണ് മുട്ടയ്ക്ക് വില കൂടാൻ കാരണം. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റക്ക് 2300 രൂപ വരെയാണു വില. 500 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. നാടൻ മുട്ടയുടെ വില 12 രൂപയായി. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നുള്ള മുട്ട വരവ് കുറഞ്ഞതും വില ഉയരാൻ കാരണമായി.

# പാചക വാതകത്തിനും ഡീസലിനും വില കൂടിയതും ഇരട്ടിപ്രഹരമായി. ഇടത്തരം ബേക്കറിയിൽ ആഴ്ചയിൽ ശരാശരി 10 സിലിണ്ടർ വരെ ഉപയോഗിക്കും. ആറുമാസം മുമ്പുവരെ 20,000 രൂപയായിരുന്നു ചെലവ്. വിലക്കയറ്റത്തിന് ശേഷം 27,000 രൂപയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAKERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA