
തിരുവനന്തപുരം: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്താൽ നിമിഷങ്ങൾക്കകം പരിഹരിക്കാം. അതിനുള്ള എ.ഐ സപ്പോർട്ട് അസിസ്റ്റന്റിനായി മെറ്റ ഒരുങ്ങി. ചാറ്റ് ബോട്ട് മോഡലിലുള്ള സംവിധാനം ഉടൻ പുറത്തിറക്കും. അക്കൗണ്ട് ഹാക്ക് ചെയ്യൽ ഉടൻ തിരിച്ചറിഞ്ഞ് പരിഹാരം തേടാം.
24 മണിക്കൂറും ഉപഭോക്താക്കൾക്ക് സഹായം ലഭ്യമാകും. അക്കൗണ്ട് ക്രമീകരണങ്ങൾ, പ്രൊഫൈൽ പ്രശ്നങ്ങൾ, സ്വകാര്യത സജ്ജീകരണങ്ങൾ, പാസ്‌വേഡ് പുനഃസജ്ജമാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം തത്ക്ഷണം സഹായം ലഭ്യമാകും. അഞ്ച് സെക്കൻഡിനുള്ളിൽ എന്തിനും മറുപടി നൽകാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സംശയാസ്പദമായ ലോഗിൻ പ്രവർത്തനങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന സംവിധാനം അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാണ്. ഇത് ആഗോളതലത്തിൽ വ്യാപിപ്പിക്കുകയാണ് മെറ്റയുടെ ലക്ഷ്യം.
ഹാക്ക് ചെയ്ത അക്കൗണ്ട് വീണ്ടെടുക്കാം
ഐ.ഒ.എസ്, ആൻഡ്രോയിഡ് ആപ്പുകളിലൂടെയും ഡെസ്‌ക്‌ടോപ്പ് ഹെൽപ്പ് സെന്ററിലൂടെയും ഇത് ഉപയോഗിക്കാൻ കഴിയും. അക്കൗണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊപ്പം തട്ടിപ്പുകൾ, ഫേക്ക് അക്കൗണ്ടുകളിലെ പ്രശ്നങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാനും സാധിക്കും. ഹാക്ക് ചെയ്ത അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കുന്നതിനുള്ള മാർഗങ്ങളും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 5,000 തട്ടിപ്പ് ശ്രമങ്ങൾ ഇതുവഴി ഉപഭോക്താക്കൾക്ക് തിരിച്ചറിയാനാവും. സെലിബ്രിറ്റി ആൾമാറാട്ടത്തെക്കുറിച്ചുള്ള ഉപഭോക്തൃ റിപ്പോർട്ടുകൾ 80 ശതമാനം കുറയ്ക്കാം തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |