SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

തെങ്ങുകയറ്റം മുബഷീറിന് പാഠമായി:സർക്കാർ ജോലി കൈപ്പിടിയിലായി

READ ENGLISH VERSION
mubashir-2

കണ്ണൂർ: ബി.കോം കാരനായ മുബഷീറിന് ജീവിതത്തിലെ വിജയപാഠമായത് തെങ്ങുകയറ്റം. മട്ടന്നൂർ ചാലോട് സ്വദേശിയാണ്. വലിയ സാമ്പത്തികബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതിനെ അതിജീവിക്കാൻ ചെങ്കൽപ്പണിവരെ ചെയ്തെങ്കിലും ഫലപ്രദമായില്ല. തുടർന്നാണ് തെങ്ങുകയറ്റത്തിലേക്ക് തിരിഞ്ഞത്. യന്ത്രം ഉപയോഗിച്ച് തെങ്ങുകയറുന്നതെങ്ങനെയെന്ന് യൂട്യൂബ് നോക്കി മനസിലാക്കി.

അല്പം ഉയരത്തിൽ എത്തിയാൽ കാൽമുട്ട് വിറയ്ക്കുമായിരുന്ന മുബഷീറിന് അത് സാദ്ധ്യമായതോടെ ഒരു കാര്യം ഉറപ്പായി. മനസിരുത്തിയാൽ ഏത് കടമ്പയും കടക്കാം. തെങ്ങുകയറി ദിവസം 2,000 രൂപ വരെ നേടിയ ഈ യുവാവ് അതിലൊരു ഭാഗം പി.എസ്.സി പരിശീലനത്തിനുപയോഗിച്ചു. ഇപ്പോൾ 12 റാങ്ക് പട്ടികകളിൽ പേരുണ്ട്. നിലവിൽ ശ്രീകണ്ഠാപുരം നഗരസഭയിൽ എൽ.ഡി ക്ളാർക്കാണ്. ഫയർഫോഴ്സ്, കെ.എസ്.എഫ്.ഇ, ആംഡ് പൊലീസ് എസ്.ഐ, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വരെയുള്ള റാങ്ക് ലിസ്റ്റിലാണ് പേരുള്ളത്.

ഉമ്മ റസിയയുടെ നാടായ പുൽപ്പള്ളിയിലായിരുന്നു വിദ്യാഭ്യാസം. തുടർന്നാണ് ഉപ്പ ഇസ്മയിലിന്റെ നാടായ ചാലോടെത്തിയത്. ഇസ്മയിലിന് ബംഗളൂരുവിൽ ചെറിയ കച്ചവടമുണ്ടായിരുന്നു. സഹോദരൻ മഷൂദ് കൂലിപ്പണിക്കാരനാണ്.

 സെക്രട്ടേറിയറ്റ് അസിസ്റ്റന്റാകണം

29കാരനായ മുബഷീ‌ർ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂ. കിട്ടുന്ന സമയമത്രയും വായിക്കാനും പഠിക്കാനുമാണ് ചെലവഴിക്കുന്നത്. തെങ്ങുകയറ്റം തൊഴിലായിരുന്നപ്പോൾ ആകെ ക്ഷീണിച്ചാണ് വീട്ടിലെത്തിയിരുന്നത്. പുസ്തകം തുറക്കുമ്പോൾ ഉറക്കം വരും. അപ്പോൾ കൈകളിൽ അപ്പോയിന്റ്മെന്റ് ഓർഡർ എത്തുന്ന സ്വപ്നനിമിഷം തെളിയും. ക്ഷീണം വിട്ടുമാറും. വാക്കുകൾ അറിവായി മനസിൽ ഉറയ്ക്കും. അങ്ങനെയാണ് റാങ്ക് ലിസ്റ്രുകൾ കൈയെത്തും ദൂരത്തായത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം ലഭിച്ചാൽ അതിലേക്ക് മാറാനാണ് താത്പര്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUBASHEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA