കണ്ണൂർ: അറവുകത്തിക്കു മുന്നിൽ വച്ച് വിലകൊടുത്ത് രക്ഷിച്ചതടക്കമുള്ള ജയകുമാറിന്റെ ആടുകളെ ഇനി ഭിന്നശേഷിക്കാരായ കുട്ടികൾ പരിപാലിക്കും. പഴയങ്ങാടി അടുത്തിലയിലെ റിട്ട. സീനിയർ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ചമ്മഞ്ചേരി ഇ.ജയകുമാർ (60) വിട പറഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആടുകൾ ഭിന്നശേഷി കുട്ടികൾക്ക് സ്വന്തമായത്.
പയ്യന്നൂർ ബി.ആർ.സി പരിധിയിലെ ഭിന്നശേഷി കുട്ടികൾക്കാണ് ജയകുമാറിന്റെ 25 ആടുകളെ കൈമാറിയത്. ബാക്കിയുള്ള 25 ആടുകളെ മൃഗസ്‌നേഹികൾക്ക് നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.'നല്ലിടയന്റെ ഓമനകൾ" എന്ന പേരിലായിരുന്നു ആടുകളെ കൈമാറിയത്. വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജയകുമാറിന്റെ ഭാര്യ എൻ.എം.റസീജ, കുടുംബാംഗങ്ങളായ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
2015ൽ പഴയങ്ങാടി വെറ്ററിനറി ഉപകേന്ദ്രത്തിൽ ജോലി ചെയ്യുന്ന കാലത്താണ് ജയകുമാർ ആടുകളുടെ പരിപാലകനായത്. ടൗണിൽ കശാപ്പിനായി എത്തിച്ച ഇളം തവിട്ടുനിറമുള്ള സുന്ദരനായ ഒരു സിരോഹി ആടിനെ ഏഴായിരം രൂപ കൊടുത്ത് വാങ്ങിയതാണ് തുടക്കം. പിന്നാലെ അട്ടപ്പാടി ബ്ലാക്കും മലബാർ ഇനങ്ങളും എത്തി. 27 വർഷത്തെ സർവീസിനൊടുവിൽ ഫീൽഡ് ഓഫീസറായി വിരമിക്കുമ്പോഴേക്കും അമ്പതിലേറെ ആടുകളെത്തി. വിരമിച്ച ശേഷം ജയകുമാർ മുഴുവൻ ശ്രദ്ധയും ആട്ടിൻപറ്റത്തിന് നൽകി.കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ ഭാര്യ എൻ.എം. റസീജയ്ക്ക് ആടുകൾ ജീവനാണെങ്കിലും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാൻ കഴിഞ്ഞിരുന്നില്ല.
വിൽക്കില്ല,പാൽ കറന്നെടുക്കില്ല
ഒരാടിനെപ്പോലും ജയകുമാർ വിറ്റിട്ടില്ല. പാൽ കറന്നതുമില്ല. അത് അവയുടെ കുട്ടികൾക്കു വേണ്ടിയുള്ളതാണെന്നായിരുന്നു ജയകുമാറിന്റെ നിലപാട്. ദിവസവും 100 കിലോയിലേറെ പ്ലാവിലയും പുല്ലും മറ്റും ശേഖരിക്കാൻ കിലോമീറ്ററുകൾ യാത്ര ചെയ്തിരുന്നു.
ആടുകൾക്ക് പുല്ലരിയാൻ ഇരുചക്രവാഹനത്തിൽ പോയ ജയകുമാറിനെ കഴിഞ്ഞ മാസം 28നാണ് വഴിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |